ഗൂഡല്ലൂർ: കലാശക്കൊട്ടിന് നാലുദിവസം മാത്രം ബാക്കിയിരിക്കെ ഗൂഡല്ലുരിൽ പ്രധാന രാഷ്ട്രീയമുന്നണി സ്ഥാനാർഥികൾ സഖ്യകക്ഷികളുടെ പിന്തുണയോടെ പ്രചാരണം ശക്തമാക്കി. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, വി.സി.കെ പാർട്ടികൾ ഉൾപ്പെട്ട മുന്നണി ബലത്തിലാണ് ദ്രാവിഡ കക്ഷികൾ മത്സരിക്കുന്നത്. 2011ലും 2016ലും ഡി.എം.കെയുടെ അഡ്വ. ദ്രാവിഡമണിയും 2021ൽ എ.ഡി.എം.കെയിലെ അഡ്വ. ജയശീലനുമാണ് വിജയിച്ചത്. ഇവർ തമ്മിലെ മത്സരമാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ചുപതിറ്റാണ്ടായി ജന്മം ഭൂമി പരിഹാരമാണ് പ്രധാന പ്രചാരണ വിഷയം. മാറിമാറി വരുന്ന ദ്രാവിഡ കക്ഷികൾ പ്രശ്ന പരിഹാരത്തിന് ആത്മാർഥ ശ്രമം നടത്തുന്നില്ലെന്നാണ് ആക്ഷേപം. ഈ വിഷയമാണ് മണ്ഡലത്തിൽ ഇത്തവണയും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും പരിഹാരം പ്രതീക്ഷിക്കപ്പെടുന്നതും. പട്ടയ ഭൂമിയിലെ ടി.എൻ.പി.എഫ് ആക്ടിൽ ഉൾപ്പെട്ട അഞ്ചുസെൻറ് ഭൂമിപോലും വിൽക്കാനാകാതെ ജനം വലയുകയാണ്. തേയില കൃഷിയെ ആശ്രയിച്ചാണ് ഭൂരിപക്ഷ ജനങ്ങളും നിലകൊള്ളുന്നത്. വന്യമൃഗ ശല്യം കൃഷിക്ക് ഭീഷണിയാണ്. തേയില കൃഷി ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. ബദൽ വരുമാന മാർഗം ടൂറിസമാണ്. ഇതിനായി പരിശ്രമിക്കുമെന്നും സെക്ഷൻ 17 പ്രശ്നത്തിൽ സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരുമെന്നും പറഞ്ഞ് സിറ്റിങ് എം.എൽ.എ പൊൻജയശീലൻ രംഗത്തുണ്ട്. എന്നാൽ, പതിറ്റാണ്ടുകാലം എം.എൽ.എയായി നിയമസഭയിൽ എത്തിയ അഡ്വ. ദ്രാവിഡമണി പറയുന്നത് സെക്ഷൻ 17 ഭൂപ്രശ്നം പരിഹരിക്കാനാണ് സുപ്രീംകോടതിയിൽ സത്യംവാങ്മൂലം നൽകിയതെന്നാണ്. ഇതോടെ കൈവശ ഭൂമിയിലെ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും. ഇതുവഴി വൈദ്യുതി ലഭ്യമാകും. മറ്റു ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൈവശ ഭൂമിയിൽ 10,000 ഏക്കർ ഭൂമിയെങ്കിലും പട്ടയം നൽകാൻ മാറ്റിവെക്കണമെന്നാണ് യു.പി.എ സഖ്യത്തിന്റെ നേതാക്കൾ ആവശ്യപ്പെടുന്നത്. ഈ രണ്ടുകാര്യങ്ങളിൽ ഊന്നിയാണ് പ്രചാരണം ചൂടുപിടിക്കുന്നത്. സ്റ്റാലിന് തുടർഭരണം ലഭിക്കുമെന്നും ചില എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. എടപ്പാടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്കും ചിലർ വിജയം പ്രവചിക്കുന്നു. കഴിഞ്ഞതവണ തങ്ങളെ എതിർത്ത അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടി, കമൽഹാസന്റെ മക്കൾ നീതി മയ്യം, എസ്.ഡി.പി.ഐ എന്നീ പാർട്ടികൾ ഒപ്പമുണ്ടെന്നും അതിനാൽ, ശക്തമായ സഖ്യമാണ് തങ്ങളെന്നും ഡി.എം.കെ മന്ത്രിമാർ പറയുന്നു. അതേസമയം ബി.ജെ.പി, പട്ടാളി മക്കൾ കക്ഷി, തമിഴ് മാനില കോൺഗ്രസ് ഉൾപ്പെട്ട എ.ഐ.എ.ഡി.എം.കെയുടെ എൻ.ഡി.എ സഖ്യത്തിന് വിജയസാധ്യത ഉണ്ടെന്നും അവർ അവകാശപ്പെടുന്നു. നടൻ വിജയ് യുടെ ടി.വി.കെ പാർട്ടി കുറെ വോട്ടുകൾ പിടിക്കുമെന്നതിനാലാണ് എൻ.ഡി.എ സഖ്യത്തിന് ചിലർ വിജയസാധ്യത കൽപ്പിക്കുന്നത്. ഗൂഡല്ലൂരിൽ മൂന്നാംസ്ഥാനത്ത് വരുന്നത് നാം തമിഴർ കക്ഷിയാണ്. അവർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 7317 വോട്ടുകൾ നേടിയിരുന്നു. ടി.വി.കെ എത്രവോട്ട് പിടിക്കുമെന്ന് കണ്ടറിയണം. രണ്ട് സ്വതന്ത്രന്മാർ മത്സരംരംഗത്ത് ഉണ്ടെങ്കിലും അവർ ഭീഷണിയല്ല. ദ്രാവിഡമണിക്കുവേണ്ടി നീലഗിരി എം.പി എ. രാജയും പൊൻജയശീലനുവേണ്ടി മുൻ മന്ത്രി വേലുമണിയും പ്രചാരണം നടത്തിക്കഴിഞ്ഞു. നാം തമിഴർ കക്ഷിയുടെ കാർത്തിക്കിന്റെ പ്രചാരണവും തുടരുന്നു. ടി.വി.കെ സ്ഥാനാർഥിയുടെ പ്രചാരണ സാന്നിധ്യവും അവസാനം പ്രകടമായി. മണ്ഡലത്തിൽ 89910 പുരുഷന്മാരും 95481 സ്ത്രീകളും ഏഴ് മൂന്നാം വിഭാഗക്കാരും ഉൾപ്പെടെ 185398 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് അടുത്തിരിക്കെ വീടുകൾതോറും കയറിയിറങ്ങിയുള്ള പ്രചാരണമാണ് പ്രധാനമായും നടക്കുന്നത്.
