ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തണം -ഇറാനോട് ഹമാസ്

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തണം -ഇറാനോട് ഹമാസ്

M
MadhyamamSource Link
തെഹ്‌റാൻ: ഗൾഫ് അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽനിന്ന് പിന്തിരിയണമെന്ന് ഇറാനോട് ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേൽ-അമേരിക്കൻ കടന്നാക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇറാന്റെ അവകാശത്തെ പിന്തുണക്കുമ്പോൾ തന്നെ, സമാധാനാന്തരീക്ഷം നിലനിർത്താൻ അയൽരാജ്യങ്ങളെ ആക്രമിക്കരുതെന്നാണ് ഹമാസിന്റെ ആഹ്വാനം. ശനിയാഴ്ച ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ’ഇറാനിലെ സഹോദരങ്ങൾ’ എന്ന് അഭിസംബോധന ചെയ്തായിരുന്നു ഹമാസിന്റെ അഭ്യർഥന. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പോരാടുമ്പോഴും മേഖലയിലെ ഇതര മുസ്‍ലിം രാജ്യങ്ങളുമായുള്ള സാഹോദര്യം നിലനിർത്തണമെന്ന് ഹമാസ് ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി തങ്ങൾക്കെതിരായ ആക്രമണങ്ങളെ നേരിടാൻ ഇറാൻ ഇസ്‍ലാമിക് റിപ്പബ്ലിക്കിന് അവകാശമുണ്ടെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഗസ്സയിലെ വംശഹത്യ തടയാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ തോതിലുള്ള നയതന്ത്ര-സാമ്പത്തിക ഇടപെടലുകളാണ് നടത്തുന്നതെന്ന് ഹമാസ് ഓർമപ്പെടുത്തി. കഴിഞ്ഞ മാസം വാഷിങ്ടണിൽ നടന്ന 'ബോർഡ് ഓഫ് പീസ്' യോഗത്തിൽ ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഓരോ ബില്യൺ ഡോളർ വീതവും യു.എ.ഇ 1.2 ബില്യൺ ഡോളറും സഹായം പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലെ വംശഹത്യ യുദ്ധത്തിന്റെ പരിഹാരമായി, അമേരിക്കക്കും ഈജിപ്തിനുമൊപ്പം മധ്യസ്ഥത വഹിച്ച് ഖത്തർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ഫെബ്രുവരി 28ന് ഇറാനു നേരെ നടത്തിയ യുദ്ധത്തിനു പിന്നാലെ മേഖലയിലെ പല ഗൾഫ് രാജ്യങ്ങളിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇറാൻ ഹമാസിനെ സാമ്പത്തികമായും സൈനികമായും പിന്തുണച്ചിട്ടുണ്ട്. ലെബനനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും ഉൾപ്പെടുന്ന "പ്രതിരോധത്തിന്റെ അച്ചുതണ്ട്" എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ ഭാഗമാണ് എല്ലാവരും. 2025 ഒക്ടോബർ മുതൽ ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇസ്രായേൽ സേനയുടെ ലംഘനങ്ങൾ ഇപ്പോഴും തുടരുകയാണ്. 2023 ഒക്ടോബറിന് ശേഷം മാത്രം ഗസ്സയിൽ 72,000ത്തിലധികം പേർ കൊല്ലപ്പെട്ടതായും 171,000 പേർക്ക് പരിക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തണം -ഇറാനോട് ഹമാസ് — M… | Boolokam