ഫ്ലോറിഡ: ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച മനുഷ്യരെന്ന ചരിത്രനേട്ടം കൈവരിച്ച് ആർട്ടെമിസ് II ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ചന്ദ്രന്റെ മറുവശത്തെ ചിത്രങ്ങൾ മുമ്പ് എടുത്തിട്ടുണ്ടെങ്കിലും പർവതങ്ങളും ലാവകളും ധാരാളമുള്ള ഒറിയന്റൽ ഗർത്തമേഖലയുൾപ്പെടെ നഗ്നനേത്രങ്ങളിലൂടെ കണ്ട ആദ്യത്തെ മനുഷ്യരാണ് ആർട്ടെമിസ് IIവിലെ നാലംഗ സംഘം. റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവരാണ് ദൗത്യ സംഘാംഗങ്ങൾ. ചൊവ്വാഴ്‌ച രാത്രിയോടെ ചന്ദ്രന്റെ സ്വാധീന വലയത്തിൽനിന്ന് പേടകം പുറത്തുവന്നു. ഭൂമിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ചന്ദ്രന്റെ മറുപുറത്തെ നിർണായക വിവരങ്ങൾ ശേഖരിച്ചും വിവിധ പരീക്ഷണങ്ങൾ നടത്തിയുമാണ് സംഘത്തിന്റെ മടക്കം. വെള്ളിയാഴ്ച പസഫിക് സമുദ്രത്തിൽ സാൻ ഡീഗോ തീരത്തിന് സമീപം പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെ ഇറങ്ങും. 1970ൽ അപ്പോളോ 13 ദൗത്യസംഘം നേടിയ റെക്കോഡുകൾ 54 വർഷത്തിനുശേഷം തകർത്താണ് ആർട്ടെമിസ് II സംഘത്തിന്റെ മടക്കം. ചന്ദ്രന്റെ മറുപുറത്തുകൂടി യാത്രചെയ്‌ത സംഘം ഭൂമിയിൽനിന്ന് 4.04 ലക്ഷം കിലോമീറ്റർ അകലെവരെ എത്തി. ചന്ദ്രന്റെ 6550 കിലോമീറ്റർ അടുത്തുവരെ സംഘാംഗങ്ങളുടെ ഓറിയോൺ പേടകമെത്തി. അപ്പോളോ സഞ്ചരിച്ച ദൂരത്തേക്കാൾ 6602 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ആർട്ടെമിസ് II സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ചന്ദ്രന്റെ മറുപുറത്ത് പേടകം എത്തിയതോടെ 40 മിനിട്ട് നാസയുമായുള്ള ആശയവിനിമയവും നിലച്ചിരുന്നു. ഭൂമിയുടെ ഉദയവും അസ്‌തമനവും സൂര്യഗ്രഹണവും പര്യവേഷകർ കണ്ടു. ആർട്ടെമിസ് IIന്റെ വിജയം 2027ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് അടിത്തറ പാകും. ഈ ഘട്ടത്തിൽ മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തിൽ പ്രത്യേകിച്ച് ദക്ഷിണധ്രുവത്തിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

ചന്ദ്രനെ ചുറ്റി ചരിത്രം കുറിച്ച് ആർട്ടെമിസ് II ദൗത്യസംഘം മടങ്ങി
M
MadhyamamSource Link
about 1 month ago