ആർട്ടിമിസ് ദൗത്യത്തെ മുൻചാന്ദ്രദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത് രണ്ട് പേരുടെ സാന്നിധ്യമാണ്: ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ. ചന്ദ്രനിലേക്ക് പോവുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന കോച്ച്. ചാന്ദ്രയാത്ര നടത്തുന്ന ആദ്യത്തെ കറുത്ത വർഗക്കാരനായി ചരിത്രം കുറിച്ചിരിക്കുകയാണ് 49 കാരനായ വിക്ടർ ഗ്ലോവർ. 2013ൽ നാസയുടെ ബഹിരാകാശ യാത്രികയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റീന ഇലക്ട്രിക്കൽ എൻജിനീയറും ഭൗതികശാസ്ത്രജ്ഞയുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും മുമ്പ് ഭൂമിയിലെ ഏറ്റവും കഠിനമായ ചില പരിതസ്ഥിതികളിൽ അവർ വർഷങ്ങളോളം ജീവിതം പരീക്ഷിച്ചു. ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ ടുണ്ട്ര മുതൽ വിദൂര അമേരിക്കൻ സമോവ വരെ പ്രതിരോധശേഷിയും സാങ്കേതിക മികവും കൊണ്ട് യോഗ്യത തെളിയിച്ചു. 2019ൽ, തുടർച്ചയായി 328 ദിവസം ഭ്രമണപഥത്തിൽ ചെലവഴിച്ചു. ഒരു സ്ത്രീ ഒറ്റക്കു നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയെന്ന റെക്കോഡ് അതുവഴി അവർ സ്ഥാപിച്ചു. അന്നത്തെ മാരത്തൺ താമസത്തിനിടയിൽ, ജെസീക്ക മെയർ എന്ന വനിതക്കൊപ്പം സ്ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിലും അവർ പങ്കാളിയായി. ഈ യാത്രയിലൂടെ സ്ത്രീ ശരീരം ദീർഘകാല മൈക്രോ ഗ്രാവിറ്റിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക ഡേറ്റ അവർ നൽകി. ആർട്ടിമിസ് ദൗത്യത്തിൽ പൈലറ്റാണ് വിക്ടർ ഗ്ലോവർ. കാലിഫോർണിയയിലെ പൊമോണയിൽ 1976 ഏപ്രിൽ 30ന് ജനനം. ഹൈസ്കൂളിലെ സൂപ്പർ താരമായ അത്ലറ്റ്. ചെറുതിലേ എൻജിനീയറിങ്ങിൽ തൽപരൻ. കാലിഫോർണിയ പോളിടെക്നിക് സ്റ്റേറ്റ് സർവകലാശാലയിൽ പഠനം. യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷത്തിൽ എൻജിനീയറിങ് കോഴ്സ് പരാജയപ്പെട്ടു. എന്നാൽ, അദ്ദേഹം കൂടുതൽ നന്നായി പഠനം തുടർന്ന് ബിരുദം നേടി. യു.എസ് നേവിയിൽ ചേർന്നു. തുടർന്ന് നേവൽ ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായി. 400ലധികം വിമാനങ്ങളിലൂടെ 3,000ത്തിലധികം മണിക്കൂറുകൾ വിമാനം പറത്തി. 400ലധികം കാരിയർ ലാൻഡിങ്ങുകളും 24 യുദ്ധദൗത്യങ്ങളും നടത്തി. 2013ൽ നാസ ബഹിരാകാശ യാത്രികനായി ഗ്ലോവർ തിരഞ്ഞെടുക്കപ്പെട്ടു. 2020ൽ സ്പേസ് എക്സിന്റെ ‘ ക്രൂ ഡ്രാഗൺ’ ബഹിരാകാശ പേടകത്തിൽ ഐ.എസ്.എസിലേക്കു പറന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശ യാത്ര. ഐ.എസ്.എസിൽ താമസിച്ച ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്നു. നിലയം സന്ദർശിക്കുക മാത്രമല്ല, 168 ദിവസം അദ്ദേഹം വിമാനത്തിൽ ചെലവഴിക്കുകയും ചെയ്തു. ഇതിനകം നാല് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
