മല്ലപ്പള്ളി: കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലാപ്പള്ളി-അറഞ്ഞിയ്ക്കൽ റോഡ് പൂർണമായി തകർന്ന നിലയിൽ. ടാറിങ് ഇളകി മാറിയ റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നതിനാൽ മെറ്റലിൽ തെന്നി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. റോഡിൽ മിക്കയിടങ്ങളിലും ടാറിങ് തകർന്ന് കുഴികളും രൂപപ്പെട്ടു. മഴ പെയ്യുമ്പോൾ കുഴികളിൽ മലിനജലവും ചളിയും ഒഴുകിയെത്തുന്നതിനാൽ വാഹന യാത്രക്കാരും കാൽനടയാത്രികരും അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. റോഡിലെ കൊടുംവളവുകളിലെ കാടും വാഹന യാത്ര ദുരിതപൂർണമാക്കുന്നു. മിക്കദിവസങ്ങളിലും ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതായും നാട്ടുകാർ പറയുന്നു. ചുങ്കപ്പാറ-ചാലാപ്പള്ളി, വായ്പൂര്-എഴുമറ്റൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ നിയന്ത്രണമില്ലാതെ സഞ്ചാരം ആരംഭിച്ചതോടെയാണ് റോഡ് തകർന്നതെന്നാണ് പ്രദേശവാസികകളുടെ ആരോപണം. ഒരു കിലോമീറ്റർ താഴെ മാത്രം ദൂരപരിധിയുള്ള റോഡ് എഴുമറ്റൂർ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളുടെ അതിർത്തി പങ്കിടുന്നതിനാലാണ് ജനപ്രതിനിധികൾ റോഡ് നന്നാക്കാൻ തയാറാകാത്തതെന്ന ആക്ഷേപമാണ് പ്രദേശവാസികൾക്കുള്ളത്. സമീപത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പാറമടയുടെ പ്രവർത്തനമാണ് റോഡിന്റെ നിലവിലെ ശോച്യാവസ്ഥക്ക് കാരണമെന്നും പറയപ്പെടുന്നു. റോഡിന്റെ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം കണ്ടെത്താൻ പ്രദേശത്തെ ജനപ്രതിനിധികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ചാലാപ്പള്ളി-അറഞ്ഞിയ്ക്കൽ റോഡ് തകർന്നു; വാഹന യാത്ര ദുരിതമാകുന്നു
M
MadhyamamSource Link
20 days ago