ന്യൂഡൽഹി: ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർ മരണപ്പെട്ടാലും കേസ് നടപടികളിൽ അദ്ദേഹത്തിന്റെ നിയമപരമായ അവകാശികളെ കക്ഷി ചേർക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് മുപ്പതിലേറെ വർഷം പഴക്കമുള്ള കേസിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഡോക്ടറുടെ ചികിത്സയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിക്കാരന്റെ വാദം പരിഗണിക്കവെയാണ്, ഡോക്ടർ മരിച്ചാൽ കേസ് തുടരാനുള്ള അവകാശം നിലനിൽക്കുമോ എന്ന നിയമപരമായ ചോദ്യത്തിന് കോടതി മറുപടി നൽകിയത്. 1986-ലെയും 2019-ലെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പ്രകാരം, ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർ മരിച്ചാൽ നിയമപരമായ അവകാശികളെ റെക്കോർഡുകളിൽ കൊണ്ടുവരാമെന്നും അതനുസരിച്ച് ബാധ്യത നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി. മോട്ടോർ വാഹന അപകടങ്ങൾ ഉൾപ്പെടെയുള്ള മറ്റ് നഷ്ടപരിഹാര കേസുകൾക്കും ബാധകമായേക്കാവുന്ന ഈ വിധിയിൽ, പ്രതിക്ക് പ്രതിരോധിക്കാനുള്ള അവകാശം പോലെ തന്നെ വാദിക്ക് കേസ് നടത്താനുള്ള അവകാശവും നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. 1990-ൽ ബീഹാറിലെ മുഗറിൽ ഡോ. പി.ബി. ലാലിന്റെ ചികിത്സയ്ക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 1997-ലാണ് കേസ് ഫയൽ ചെയ്തത്. പരാതി നിലനിൽക്കെ 2009-ൽ ഡോക്ടറും 2014-ൽ പരാതിക്കാരനും മരണപ്പെട്ടിരുന്നു. ഇൻഡ്യൻ സക്സഷൻ ആക്ട്, സി.പി.സി എന്നിവയിലെ വ്യവസ്ഥകൾ വിശകലനം ചെയ്ത കോടതി, ചരിത്ര താളുകളിൽ മറഞ്ഞുപോയേക്കാവുന്ന ഇത്തരം നിയമവശങ്ങൾ വിദ്യാർത്ഥികൾക്കും സ്റ്റേക്ക് ഹോൾഡർമാർക്കും പാഠമാണെന്നും കൂട്ടിച്ചേർത്തു. കൂടുതൽ വ്യക്തതയ്ക്കായി ഇന്ത്യൻ സക്സഷൻ ആക്ടിലെ സെക്ഷൻ 306-ന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ലോ കമ്മീഷൻ പുനപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ചികിത്സാ പിഴവ്: ഡോക്ടർ മരിച്ചാലും നടപടി തുടരാം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
M
MadhyamamSource Link
about 6 hours ago