ചിറയിൻകീഴ് ഇക്കുറി ആരുടെ ചിറകിൽ

ചിറയിൻകീഴ് ഇക്കുറി ആരുടെ ചിറകിൽ

M
MadhyamamSource Link
ചിറയിൻകീഴ്: തീരദേശ നിയോജക മണ്ഡലമായ ചിറയിന്‍കീഴിൽ ഇക്കുറി മാറ്റം വരുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മണ്ഡലം രൂപീകൃതമായ നാൾ മുതൽ ഇടതിനെ പിന്തുണക്കുന്ന ഈ മണ്ഡലം എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്. ശക്തമായ ത്രികോണ മൽസരത്തിനാണ് ചിറയിൻകീഴ് സാക്ഷ്യം വഹിക്കുന്നത്. വി. ശശിയെ മാറ്റി സി.പി.ഐയുടെ മനോജ് ഇടമനയെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. മുൻ എം.പിയായ രമ്യ ഹരിദാസിനെയാണ് അട്ടിമറി ലക്ഷ്യമിട്ട് യു.ഡി.എഫ് ഇക്കുറി പരീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബി.എസ് അനൂപിനെ എൻ.ഡി.എ രംഗത്തിറക്കിയതും ശ്രദ്ധേയമാണ്. മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ സജീവമായി. ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, മംഗലപുരം പഞ്ചായത്തുകൾ എൽ.ഡി.എഫും അഞ്ചുതെങ്ങ്, കിഴുവിലം, കഠിനംകുളം പഞ്ചായത്തുകൾ യു.ഡി.എഫും അഴൂര്‍, മുദാക്കല്‍ പഞ്ചായത്തുകള്‍ ബി.ജെ.പിയുമാണ് ഭരിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലകൾക്ക് പ്രാധാന്യമുള്ള തീരദേശ മണ്ഡലമാണ് ചിറയിന്‍കീഴ്. 22 കിലോമീറ്റർ കടല്‍ത്തീരവും വിശാലമായ കായല്‍പ്പരപ്പുകളാലും സമ്പന്നമാണ് മണ്ഡലം. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നിർണായക സ്വാധീനമുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളുമില്ലാത്ത നൂറ് കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതാണ് ഈ മേഖല. വിനോദസഞ്ചാര മേഖലയിൽ അനന്തമായ സാധ്യതകളുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിന് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. സ്ഥാനാർഥികൾ മനോജ് ഇടമന (എൽ.ഡി.എഫ്) വിദ്യാർഥി-യുവജന രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. കിഴുവിലം പഞ്ചായത്തിന്‍റെയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും അംഗമായും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കാർഷിക ഭൂപണയ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, ശാർക്കര ചിത്തിരത്തോണി ഗ്രന്ഥശാല പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. രമ്യ ഹരിദാസ് (യു.ഡി.എഫ്) കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്‍റെ മുഖ്യപ്രവർത്തകയായിരുന്നു. യൂത്ത് കോൺഗ്രസിന്‍റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ്. 2015 ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജനസമ്മേളനത്തിൽ പങ്കെടുത്തു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ആലത്തൂരിൽ നിന്ന് വിജയിച്ചു. 2024ൽ ആലത്തൂരിൽ പരാജയപ്പെടുകയും ചെയ്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി, കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബി.എസ്. അനൂപ് (എൻ.ഡി.എ) കോൺഗ്രസ് പ്രവർത്തകനായിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ചിറയിൻകീഴ് പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് 2021 വി. ശശി -എൽ.ഡി.എഫ്-62636, ബി.എസ്. അനൂപ് (യു.ഡി.എഫ്)-48617, ആശാനാഥ് (എൻ.ഡി.എ) -30,986 നിയമസഭ തെരഞ്ഞെടുപ്പ് -2016 വി. ശശി (എൽ.ഡി.എഫ്) -64692, കെ.എസ്. അജിത് കുമാർ (യു.ഡി.എഫ് ) -50370, പി.പി. വാവ (എൻ.ഡി.എ) -19478 ലോക്സഭ തെരഞ്ഞെടുപ്പ് -2024 മുന്നണികൾ നേടിയ വോട്ട് യു.ഡി.എഫ് -47,695 എൽ.ഡി.എഫ് -44,874 എൻ.ഡി.എ -42,929

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിറയിൻകീഴ് ഇക്കുറി ആരുടെ ചിറകിൽ — Madhyamam | Boolokam | Boolokam