എടക്കര: ചുങ്കത്തറ കളക്കുന്നിൽ റബർ തോട്ടത്തിന് തീപിടിച്ചു. തോട്ടുപുറത്ത് സലീമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ അര ഏക്കറോളം ഭാഗത്തെ അടിക്കാടുകളാണ് കത്തിനശിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കുട്ടികൾ പടക്കം പൊട്ടിച്ചതിൽനിന്നാണ് തീ പിടിച്ചതെന്നാണ് സംശയിക്കുന്നത്. നാട്ടുകാർക്കൊപ്പം നിലമ്പൂരില്‍നിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചതിനാല്‍ സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ. യൂസഫലിയുടെ നേതൃത്വത്തിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ. സുജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.എസ്. മോഹനൻ, പി. മുഹമ്മദ് ഷാഫി, റെജിൻ രാജ്, എ. ശ്രീരാജ്, സി. രമേശ്, കെ. നിഖിൽ, യു. സുനിൽ, വി.എ. അഖിൽ, ടി.എസ്. അഖിൽ, ഹോം ഗാർഡുമാരായ എൻ. രവീന്ദ്രൻ, എം.വി. ഉണ്ണികൃഷ്ണൻ എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
