മുക്കം: ചുട്ടുപൊള്ളുന്ന വേനൽച്ചൂട് വകവെക്കാതെ തിരുവമ്പാടി മണ്ഡലത്തിൽ സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു. പഞ്ചായത്ത് കൺവെൻഷനുകളും മണ്ഡലം കൺവെൻഷനും പൂർത്തിയാക്കി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സി.കെ കാസിം. നേരത്തെ തന്നെ സ്ഥാനാർഥിപ്രഖ്യാപനം നടത്തിയ ഇടതുപക്ഷത്തിന്റെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. മണ്ഡല പര്യടനം ബുധനാഴ്ച ആരംഭിച്ചിരുന്നു. ദേശീയ ജനാധിപത്യ സഖ്യം തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി സണ്ണി തോമസും വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് ഇന്നലെ തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി 21 കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.തമ്പലമണ്ണയിൽ നിന്നാണ് പ്രചരണമാരംഭിച്ചത്. അത്തിപ്പാറ, ചങ്ങലമുക്ക്, തോട്ടത്തിൻ കടവ്, താഴെ തിരുവമ്പാടി, തൊണ്ടിമ്മൽ, നീലേശ്വരം, വെണ്ണക്കോട്, മുത്താലം, മണാശ്ശേരി, പൊറ്റശ്ശേരി, ചേന്ദമംഗല്ലൂർ, തടപ്പറമ്പ്, കാരമൂല, തേക്കുംകുറ്റി, മലാംകുന്ന്, സർക്കാർ പറമ്പ്, നെല്ലിക്കാപറമ്പ്, കാരക്കുറ്റി, ചെറുവാടി, എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പാറപ്പുറത്ത് സമാപിച്ചു. യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിം കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. രാവിലെ കോടഞ്ചേരി കണ്ണോത്ത് നിന്നാരംഭിച്ച പര്യടനം ചെമ്പുകടവ്, നെല്ലിപ്പൊയിൽ, കൂരോട്ടുപാറ, കണ്ടപ്പൻചാൽ, വലിയകൊല്ലി, തോട്ടുമുഴി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ഉച്ചക്ക് 12.30 ഓടെ മുറമ്പാത്തിയിൽ സമാപിച്ചു. ഉച്ചക്ക് ശേഷം പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലിൽ നിന്നാരംഭിച്ച് മുപ്പതേക്ര, വള്ളിയാട്, മട്ടിക്കുന്ന്, റെജി മുക്ക്, വരാൽ മൂല, കണ്ണപ്പൻകുണ്ട്, മണൽവയൽ, വെസ്റ്റ് കൈതപ്പൊയിൽ, വെസ്റ്റ് പുതുപ്പാടി, പഞ്ചായത്ത് ബസാർ, ആച്ചിഅങ്ങാടി, പയോണ, കക്കാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കാക്കവയലിൽ സമാപിച്ചു. മുക്കം നഗരസഭയിലും കാരശ്ശേരി ഗ്രാമപഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർഥി ഇന്നലെ പര്യടനം നടത്തിയത്.

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും തളരാത്ത തെരഞ്ഞെടുപ്പ് ആവേശം
M
MadhyamamSource Link
about 1 month ago