കൊട്ടാരക്കര: ചൂട് ശക്തമായതോടെ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ കഴിയാതെ കർഷകർ. വെളിയം, കൊട്ടാരക്കര, പവിത്രേശ്വരം, വെളിനല്ലൂർ, പൂയപ്പള്ളി, കരീപ്ര, എഴുകോൺ, കുളക്കട, നെടുവത്തൂർ എന്നിവിടങ്ങളിലെ കർഷകരാണ് ചൂട് ശക്തമായതോടെ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. വേനലിൽ പുല്ലുകൾ ഉണങ്ങുകയും കിണറുകളിലെയും തോടുകളിലെയും ജലസ്രോതസ്സുകൾ വറ്റുകയും ചെയ്തതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആട്, പശു, പോത്ത് എന്നീ വളർത്തുമൃഗങ്ങൾക്ക് വെള്ളംപോലും കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്. പശുവിൻ പാലിൽനിന്നുള്ള വരുമാനംകൊണ്ടാണ് ചില കർഷകർ ജീവിച്ചുപോന്നത്. ഇപ്പോൾ വേനൽമഴയിൽ പ്രതീക്ഷിച്ചാണ് മിക്ക കർഷകരും കഴിയുന്നത്. പണം നൽകി വെള്ളം വാങ്ങിയാൽ വീട്ടാവശ്യത്തിനുപോലും തികയാതെ വരുകയാണ്. മിക്ക പഞ്ചായത്തു കുളങ്ങളും വൃത്തിഹീനമായി കിടക്കുകയാണ്. പഞ്ചായത്തു കുളങ്ങൾ നവീകരിക്കാൻ അധികൃതർ ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാൽ, കുളങ്ങളുടെ നവീകരണ പരിപാടികൾ ഒന്നും നടക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ വീടുകൾതോറും കയറി ഇറങ്ങുമ്പോൾ കുടിവെള്ളക്ഷാമമാണ് പ്രധാനമായും നാട്ടുകൾ പറയുന്നത്. തങ്ങളെ ജയിപ്പിച്ചാൽ കുടിവെള്ളം എത്തിക്കാനുള്ള മാർഗം കണ്ടെത്തുമെന്നാണ് സ്ഥാനാർഥികൾ പ്രദേശവാസികൾക്ക് ഉറപ്പു നൽകിയിരിക്കുന്നത്. എന്നാൽ, വോട്ടിനുവേണ്ടി മാത്രമാണ് വീടുകളിൽ കയറിയിറങ്ങുന്നതെന്നും വെള്ളം എത്തിക്കാമെന്ന് വർഷങ്ങളായി പറയുന്നതല്ലാതെ നടപടികൾ ഉണ്ടാവുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

ചൂട് ശക്തം; വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ കഴിയാതെ കർഷകർ
M
MadhyamamSource Link
about 1 month ago