ചൂരൽമല ടൗൺഷിപ്പിലെ വീടുകൾക്ക് വിള്ളൽ: വീടുകൾ സന്ദർശിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ

ചൂരൽമല ടൗൺഷിപ്പിലെ വീടുകൾക്ക് വിള്ളൽ: വീടുകൾ സന്ദർശിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ

കൽപ്പറ്റ: ചൂരൽമല ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ വീട്ടുകളിൽ പലതും വാസയോഗ്യമല്ലെന്ന് പരാതി. ചില വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. വിള്ളൽ വീണ ആദ്യഘട്ട വീടുകൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ സന്ദർശിച്ചു. രണ്ടു വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഊരാളുങ്കൽ അധികൃതർ പറഞ്ഞു. വീട് വാസയോഗ്യമാക്കാൻ വേണ്ടി ധാരാളം ടെസ്റ്റുകൾ നടത്താറുണ്ട്. അതിനിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് പരിഹരിക്കുമെന്നും ഊരാളുങ്കൽ അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ആദ്യഘട്ട വീടുകൾ വിഷുവിന് മുമ്പ് വാസയോഗ്യമാകുമെന്ന ജില്ല ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്ന് പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതർ. എന്നാൽ, സമയമായിട്ടും വാസയോഗ്യമായില്ലെന്ന് മാത്രമല്ല, മിക്ക വീടുകളുടെയും നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ഇതിനിടയിൽ ഒന്നാം സോണിലെ രണ്ടു വീടുകളിൽ വിള്ളലുമുണ്ടായി. ഇതോടൊപ്പം സർക്കാർ ദിനബത്ത മുടങ്ങിയതും ദുരന്തബാധിതരിൽ ആശങ്ക വർധിപ്പിച്ചു. രണ്ടാഴ്ച മുമ്പ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ അധികൃതരെ അറിയിച്ചിരുന്നതാണന്നും ഉദ്ഘാടനത്തിന് മുമ്പുള്ള നിർമാണത്തിലെ വേഗത ഉദ്ഘാടനത്തിനുശേഷം ഉണ്ടായിരുന്നില്ലെന്ന് ഒന്നാം സോണിൽ വീട് ലഭിച്ച വീട്ടുടമ നൗഫൽ പറയുന്നു. വീടിന് തകരാറുണ്ടോയെന്ന് പരിശോധികാൻ നിരവധി ടെസ്റ്റുകൾ നടത്തും. അതിലാണ് കുറവുകൾ കണ്ടെത്തുന്നത്. പിന്നീട് ഇത് പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും വിള്ളലിൽ ആശങ്കപ്പെടാൻ ഇല്ലെന്നും വീട് സന്ദർശിച്ച ശേഷം ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അരുൺ ബാബു വ്യക്തമാക്കി. നിലവിൽ ഉണ്ടായിട്ടുള്ള വിള്ളൽ ഉടൻ പരിഹരിക്കുമെന്ന് ഊരാളുങ്കൽ അധികൃതർ അറിയിച്ചു. ടൗൺഷിപ്പിലെ 178 വീടുകൾക്ക് വേണ്ട കേന്ദ്രീകൃത സംവിധാനങ്ങളുടെ നിർമാണം പൂർത്തിയായെന്നും ഇനി താമസം തുടങ്ങിയ ശേഷമാണ് തുടർപ്രവർത്തനങ്ങൾ എന്നും അധികൃതർ പറഞ്ഞു. സർക്കാറിന്റെ വീടുനിർമാണത്തിലെ വേഗത കുറവ് ദുരന്തബാധിതരെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് ലഭിക്കാനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും അതിന് ഒരു കുറവും വരുത്തില്ലെന്നും മന്ത്രി കെ. രാജൻ പ്രതികരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂരൽമല ടൗൺഷിപ്പിലെ വീടുകൾക്ക് വിള്ളൽ: വീടുകൾ സന്ദർശിച്ച് ഊര… | Boolokam