ചെന്നൈ: കുട്ടിക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറാനിരിക്കെ, ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് സന്തോഷിക്കാൻ വകയുള്ള വാർത്തയല്ല ടീം ക്യാമ്പിൽനിന്ന് പുറത്തുവരുന്നത്! വെറ്ററൻ താരം എം.എസ്. ധോണി ഐ.പി.എല്ലിന്‍റെ ആദ്യത്തെ രണ്ടാഴ്ച കളിക്കാനുണ്ടാകില്ലെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു. കാലിലെ പേശി വലിവിനെ തുടർന്ന് താരം നിലവിൽ ചികിത്സ തേടുകയാണ്. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ കീപ്പറാകും. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ഫിനിഷർ കം മെന്റർ റോളിലാണ് ഏതാനും സീസണുകളായി ധോണി തുടരുന്നത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരവും സ്ഥിരതയാർന്നതുമായ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലായി അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട് ഇവർ. ധോണിയുടെ നേതൃത്വത്തിൽ വളർന്ന സംഘം സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ്. തികച്ചും വ്യത്യസ്തമായ ടീമായാണ് പുതിയ എത്തുന്നത്. പഴയ ശൈലി മാറ്റി യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു 'അഗ്രസീവ്' സമീപനം സ്വീകരിച്ചിരിക്കുകയാണ് ടീം. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് ചേക്കേറിയത് ഐ.പി.എല്ലിലെ ശ്രദ്ധേയ കൂടുമാറ്റങ്ങളിലൊന്നായിരുന്നു. ഐക്കൺ ഓൾ റൗണ്ടർമാരായ രവീന്ദ്ര ജദേജയെയും സാം കറനെയും വിട്ടുനൽകിക്കൊണ്ടാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. അൺക്യാപ്പ്ഡ് താരങ്ങളായ ഓൾ റൗണ്ടർ പ്രശാന്ത് വീറിനെയും വിക്കറ്റ് കീപ്പർ ബാറ്റർ കാർത്തിക് ശർമയെയും 14.20 കോടി രൂപ വീതം നൽകി സി.എസ്.കെ സ്വന്തമാക്കി. ഋതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റൻ. സഞ്ജുവും ശിവം ദുബെയും ഡെവാൾഡ് ബ്രെവിസും അടങ്ങുന്ന അതിശക്തമായ ബാറ്റിങ് നിരയുണ്ട് ചെന്നൈയിൽ. കൗമാര ഹിറ്റർ ആയുഷ് മഹാത്രെയായിരിക്കും സഞ്ജുവിനൊപ്പം ഇന്നിങ്സ് തുറക്കുക. ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ കഴിവുള്ള ലോകോത്തര പേസറുടെ അഭാവമാണ് ഏറ്റവും വലിയ ദൗർബല്യം. സാധ്യത ഇലവൻ സഞ്ജു സാംസൺ, ആയുഷ് മഹാത്ര, ഋതുരാജ് ഗെയ്‌ക്‌വാദ്, കാർത്തിക് ശർമ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, എം.എസ്. ധോണി, നൂർ അഹമ്മദ്, മാറ്റ് ഹെൻട്രി, രാഹുൽ ചാഹർ, ഇംപാക്റ്റ് പ്ലെയർ -ഖലീൽ അഹമ്മദ്

ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആദ്യ മത്സരങ്ങൾ ധോണിക്ക് നഷ്ടമാകും, സഞ്ജു സാംസൺ കീപ്പറാകും...
M
MadhyamamSource Link
about 1 month ago