ജിദ്ദ: ചെങ്കടലിൽ ‘നാജിൽ’, ‘ത്വാറാദി’ എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിന് രണ്ട് മാസത്തെ നിരോധനം ഏർപ്പെടുത്തി. മക്ക പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സ്യബന്ധന സീസണുകൾ ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനും കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിെൻറ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. മത്സ്യങ്ങളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ടാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ സ്വാഭാവികമായ പുനരുൽപാദനത്തിനും വളർച്ചക്കും ആവശ്യമായ സാഹചര്യമൊരുക്കുക, അമിതമായ മത്സ്യബന്ധന രീതികൾ തടയുക, അതുവഴി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയും മത്സ്യസമ്പത്തിെൻറ സുസ്ഥിരത വർധിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിരോധനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മത്സ്യബന്ധന തുറമുഖങ്ങളിലും വിപണികളിലും പരിശോധനാ സംഘങ്ങൾ പട്രോളിങ് ശക്തമാക്കുമെന്ന് ബ്രാഞ്ച് മേധാവി എൻജിനീയർ വലീദ് ബിൻ ഇബ്രാഹിം അൽദാഗിസ് അറിയിച്ചു. ഈ കാലയളവിൽ നാജിൽ, ത്വാറാദി ഇനങ്ങളെ പിടിക്കുന്നതിനോ വിൽക്കുന്നതിനോ വിപണനം ചെയ്യുന്നതിനോ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കും. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിലും രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് വലീദ് ബിൻ ഇബ്രാഹിം അൽദാഗിസ് ആഹ്വാനം ചെയ്തു.

ചെങ്കടലിൽ നാജിൽ, ത്വാറാദി മത്സ്യബന്ധനത്തിന് രണ്ട് മാസത്തെ നിരോധനം
M
MadhyamamSource Link
about 1 month ago