റിയാദ്: സൗദി അറേബ്യയിലെ ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ രേഖകളും വാഹനങ്ങളുടെ പദവിയും ശരിയാക്കിയെടുക്കാൻ കൂടുതൽ സമയം അനുവദിച്ച് ഗതാഗത അതോറിറ്റി ഉത്തരവിട്ടു. ഹെവി, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാൻ 2026 ആഗസ്റ്റ് 27 വരെ സമയമുണ്ടാകും. ഗതാഗത മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് അതോറിറ്റി ഈ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ ചരക്ക് ലോറികൾ മുതൽ ചെറിയ ചരക്ക് വാഹനങ്ങൾ വരെയുള്ളവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പുതിയ നിയമങ്ങളിലേക്ക് മാറാൻ ഈ സമയം ഉപയോഗിക്കാം. ഇതിനുപുറമെ, ഹെവി ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ ‘പ്രൈവറ്റ് ട്രാൻസ്പോർട്ട്’ എന്നതിൽ നിന്നും ‘പബ്ലിക് ട്രാൻസ്പോർട്ട്’ എന്നതിലേക്ക് മാറ്റാനും ഈ കാലാവധി വരെ അവസരമുണ്ടാകും. ചെറിയ ചരക്ക് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ആവശ്യമായ ‘പ്രഫഷനൽ ഡ്രൈവർ കാർഡ്’ എടുക്കുന്നതിനുള്ള കാലാവധിയും നീട്ടിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ആവശ്യമായ രേഖകൾ പൂർത്തിയാക്കാനും നിയമപരമായ നിബന്ധനകൾ പാലിച്ച് ജോലി ചെയ്യാനും ഇത് ഏറെ സഹായകരമാകും. റോഡ് ഗതാഗത മേഖല കൂടുതൽ കാര്യക്ഷമമാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കി സുരക്ഷിതമായ ഒരു തൊഴിൽ സാഹചര്യം ഉറപ്പാക്കാനുമാണ് ഗതാഗത അതോറിറ്റി ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

ചരക്ക് ലോറികളുടെ നിയമങ്ങൾ പരിഷ്കരിക്കാൻ കൂടുതൽ സമയം അനുവദിച്ചു
M
MadhyamamSource Link
about 1 month ago