BoolokamBoolokam
ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങൾ; പാളിച്ചകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് സി.പി.ഐ

ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങൾ; പാളിച്ചകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് സി.പി.ഐ

M
MadhyamamSource Link
തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്നും ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ.ഡി.എഫും വിനയപൂർവ്വം അംഗീകരിക്കുന്നതായും സി.പി.ഐ സംസ്ഥാന കൗൺസിൽ പ്രസ്താവനയിലൂടെ അറിയിച്ചു. നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ.ഡി.എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണെന്നും വോട്ടിങിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ.ഡി.എഫും അത്തരം പരിശോധന നടത്തുമെന്നും പാർട്ടി വ്യക്തമാക്കി. പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. ആ ഗവണ്മെന്റുകളെ നയിച്ച എൽ.ഡി.എഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽ.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽ.ഡി.എഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും. ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ.ഡി.എഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽ.ഡി.എഫിന്റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നതായും സി.പി.ഐ സംസ്ഥാന കൗൺസിൽ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!