ജപ്പാനിൽ വൻ ഭൂചലനം, 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ വൻ ഭൂചലനം, 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരമേഖലയിൽ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വടക്കന്‍ തീരം വിറച്ചു. ഭൂചലനത്തിന് തൊട്ടുമുമ്പ് 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. ഇതോടെ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ജപ്പാൻ. പ്രാദേശിക സമയം വൈകീട്ട് 4.52ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇവാട്ടെ, ഹൊക്കൈഡോ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍(10 അടി) വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താമസക്കാരോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി (ജെ.എം.എ) പ്രകാരം ഇവാട്ടെ പ്രിഫെക്ചറിലെ കുജി തുറമുഖത്ത് വൈകുന്നേരം 5.34 ന് (പ്രാദേശിക സമയം) സുനാമി തിരമാലകൾ ഉണ്ടായി. വൈകുന്നേരം 5.32 ന് 70 സെന്റീമീറ്റർ തിരമാലകൾ ആഞ്ഞടിച്ചതായി ജെ.എം.എ നേരത്തെ പറഞ്ഞതായി എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു. പ്രിഫെക്ചറിലെ മറ്റൊരു തുറമുഖത്ത് 40 സെന്റീമീറ്റർ (1.3 അടി) ചെറിയ സുനാമി രേഖപ്പെടുത്തിയതായും ഏജൻസി അറിയിച്ചു. തലസ്ഥാനമായ ടോക്യോയില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.സർക്കാർ ഒരു അടിയന്തര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും സുരക്ഷിത മേഖലകളിലേക്ക് മാറാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു. ഭൂചലനത്തെത്തുടർന്ന് ബുള്ളറ്റ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും ഭൂചലന സാധ്യതയുള്ള 'റിങ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന മേഖലയില്‍ സ്ഥിതിചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ഓരോ വര്‍ഷവും 1500ഓളം ഭൂചലനങ്ങള്‍ ജപ്പാനില്‍ അനുഭവപ്പെടുന്നുവെന്നാണ് കണക്ക്. ലോകത്താകെ അനുഭവപ്പെടുന്നതിന്റെ 18 ശതമാനം വരുമിത്. 2011ല്‍ ജപ്പാനിലുണ്ടായ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ 18,500ഓളം പേര്‍ മരിക്കുകയും ഫുക്കുഷിമ ആണവദുരന്തത്തിന് കാരണമാകുകയും ചെയ്തിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജപ്പാനിൽ വൻ ഭൂചലനം, 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍… | Boolokam