തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയായ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ തർക്കം സമർപ്പിക്കാൻ പ്രതിഭാഗത്തിന് കോടതി കൂടുതൽ സമയം അനുവദിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ഹരജിയുടെ പകർപ്പ് പ്രോസിക്യൂഷൻ നൽകിയത്. ഇതിൽ തർക്കം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കേസ് ഏപ്രിൽ 30ലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇത് രണ്ടാം തവണയാണ് കോടതിയിൽ അപേക്ഷ നൽകുന്നത്. ആദ്യം നൽകിയ അപേക്ഷ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നേരത്തെ തള്ളിയിരുന്നു. ഇതേതുടർന്ന് പ്രതി രാഹുലിന്റെ സുഹൃത്ത് സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണസംഘം മറ്റൊരപേക്ഷ കോടതിയിൽ നൽകിയത്. 2023ല്‍ ഒരു ഹോംസ്റ്റേയില്‍ വച്ച് രാഹുൽ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. കോടതി മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ ഒന്നിലധികം പ്രാവശ്യം പീഡിപ്പിച്ചെന്നും വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കിയിരുന്നു.

ജാമ്യം റദ്ദാക്കണമെന്ന ഹരജി: രാഹുലിന് തർക്കം സമർപ്പിക്കാൻ കൂടുതൽ സമയം
M
MadhyamamSource Link
22 days ago