ദോഹ: സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വ്യാപാര മേഖലക്ക് പിന്തുണ നൽകുക, കമ്പനികളുടെ പണലഭ്യത മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ടാക്സ് വെയർഹൗസ് പ്രഖ്യാപിച്ച് ജനറൽ ടാക്സ് അതോറിറ്റി. ഇതു പ്രകാരം, കമ്പനികൾക്ക് എക്സൈസ് തീരുവ അടക്കാതെ ഉൽപന്നങ്ങൾ നിർമിക്കാനും ഗോഡൗണിൽ സൂക്ഷിക്കാനുമുള്ള അനുമതി ലഭിക്കും. ടാക്സ് സസ്പെൻഷൻ വ്യവസ്ഥയിൽ സൂക്ഷിക്കുന്ന ചരക്കുകൾക്ക് വിപണിയിലേക്ക് എത്തുന്ന വേളയിൽ മാത്രമാണ് നികുതി ബാധകമാകുക. തീരുവ അടക്കുന്നതിൽ ലഭിക്കുന്ന ഇളവ് കമ്പനികളുടെ പണലഭ്യത വർധിപ്പിക്കാൻ ഉപകരിക്കും. നികുതി റീഫണ്ട് നടപടികൾ വേഗത്തിലാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. അംഗീകൃത കസ്റ്റംസ് വെയർഹൗസുകൾ അഡീഷണൽ ലൈസൻസ് ഇല്ലാതെ തന്നെ ടാക്സ് വെയർഹൗസുകളായി പരിഗണിക്കുമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി. വ്യാപാര മേഖലയിൽ പണമൊഴുക്ക് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ചയുണ്ടാകുന്ന രണ്ടാമത്തെ സുപ്രധാന തീരുമാനമാണിത്. നേരത്തെ, കോർപറേറ്റ് ഇടപാടുകാർക്ക് വായ്പ, പലിശ തിരിച്ചടവുകൾ മൂന്നു മാസത്തേക്ക് നീട്ടിവെക്കാനുള്ള സാവകാശം ഖത്തർ സെൻട്രൽ ബാങ്ക് അനുവദിച്ചിരുന്നു.

ടാക്സ് വെയർഹൗസ് പ്രഖ്യാപിച്ച് ജനറൽ ടാക്സ് അതോറിറ്റി
M
MadhyamamSource Link
about 1 month ago