കണ്ണൂർ: തളിപ്പറമ്പ് നിയമസഭ സ്ഥാനാർഥിയും സി.പി.എം വിമതനുമായ ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. തളിപ്പറമ്പിൽ യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതിനാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടി. ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി. രമണി. എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനാലാണ് നടപടിയെന്ന് ജില്ല കമ്മിറ്റി ഓഫിസ് അറിയിച്ചു. കുടുംബംപോലും ടി.കെയെ പിന്തുണക്കുന്നില്ലെന്ന ആക്ഷേപം ഉയർത്തുന്നതിനിടെയാണ് ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയംഗവും മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച കെ.പി. രമണി തിങ്കളാഴ്ച വൈകീട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തത്. യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കിടയിൽ വേദിയിലെത്തിയ രമണിയെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാളണിയിച്ച് സ്വീകരിച്ചു.

ടി.കെ. ഗോവിന്ദന്റെ ഭാര്യയെ സി.പി.എം പുറത്താക്കി; യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതിനാണ് നടപടി
M
MadhyamamSource Link
about 2 months ago