ബംഗളൂരു: ഞായറാഴ്ച നടക്കുന്ന ടി.സി.എസ്. വേൾഡ് 10കെ ബംഗളൂരു മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ സംഘടകരായ ‘പ്രോകാം ഇന്റര്‍നാഷനൽ’ മണിപ്പാല്‍ സെന്ററില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു. ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്യും. 36,000ത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഇതില്‍ 11000 പേര് ബംഗളൂരു നഗരത്തിന് പുറത്തുനിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. മത്സരാര്‍ഥികളുടെ സൗകര്യം കണക്കിലെടുത്ത് അള്‍സൂറിന് ചുറ്റുമുള്ള യുടേണ്‍ ഇത്തവണ ഒഴിവാക്കി എന്ന് ഹ്യൂ ജോൺസ് പറഞ്ഞു. ഐ.സിയു സൗകര്യവും 30 കിടക്കകളുമുള്ള മിനി ഹോസ്പിറ്റല്‍ സൗകര്യം വേദിയിൽ സ്ഥാപിക്കും. മത്സരം നടക്കുന്ന വഴികളില്‍ ഒന്നിലധികം മെഡിക്കൽ സ്റ്റേഷനുകൾ, 10 ആംബുലൻസുകൾ, 10 മെഡിക്സ് ബൈക്കുകള്‍, ഒരു സഞ്ചരിക്കുന്ന ഐ.സിയു, കമാന്‍ഡിങ് സെന്റര്‍ എന്നിവ ഒരുക്കും. ആംബുലന്‍സ് ജി.പി.എസ് കണക്ട് ചെയ്തതിനാല്‍ ലൊക്കേഷന്‍ എളുപ്പത്തില്‍ കണ്ടു പിടിക്കാനും പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കൂടാതെ ഇവ നിയന്ത്രിക്കാന്‍ 250-ലധികം മെഡിക്കൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് ബംഗളൂരു കാർഡിയാക് സയൻസസ് ചെയർമാനും ടി.സി.എസ്.10കെ 2026 മെഡിക്കൽ ഡയറക്ടറുമായ ഡോ. വിവേക് ജവാലി പറഞ്ഞു. ഡോ. ഉമാ ശങ്കർ, പ്രോകാം ഇന്റര്‍ നാഷനല്‍ ജോയിന്റ് മാനേജിങ് ഡയറക്ടർ വിവേക് സിങ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വേൾഡ് 10കെ, ഓപൺ 10കെ, സീനിയർ സിറ്റിസൺസ് റൺ, മജ്ജ റൺ തുടങ്ങി വിവിധ വിഭാഗത്തില്‍ മത്സരം നടക്കും.

ടി.സി.എസ്. വേൾഡ് 10കെ ബംഗളൂരു; മത്സര ക്രമീകരണങ്ങള്‍ വിശദീകരിച്ചു
M
MadhyamamSource Link
17 days ago