Posted On date_range 28 March 2026 6:00 AM IST Updated On date_range 28 March 2026 6:00 AM IST ട്രംപിന്റെ മനസ്സിലെന്താണ്? text_fields bookmark_border ഇറാനിൽ ഭരണമാറ്റം പ്രഖ്യാപിച്ച് ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ തുടങ്ങിയ ആക്രമണം ഒരു മാസം പിന്നിട്ടിരിക്കുന്നു. യു.എസ്-ഇസ്രായേൽ സംയുക്ത ദൗത്യത്തിന്റെ ആദ്യ ദിനങ്ങളിൽ, ലക്ഷ്യം നേടുംവരെ പിന്തിരിയില്ലെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പക്ഷേ, ഒരാഴ്ചയായി പിന്മാറ്റ സൂചനയാണ് നൽകുന്നത്. മാർച്ച് 21ന്, ഇറാന്റെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി ആക്രമണം കടുപ്പിക്കുമെന്ന് പറഞ്ഞ ട്രംപ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിലപാട് മാറ്റി. ഇറാനുമായി ചർച്ചകൾ നടക്കുന്നതിനാൽ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം, വെടിനിർത്തൽ പിന്നെയും 10 ദിവസം കൂടി നീട്ടി. ചർച്ച നല്ലനിലയിൽ മുന്നോട്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പ്രസ്താവന. സഖ്യകക്ഷിയായ ഇസ്രായേൽ ഇറാനിൽ കനത്ത ആക്രമണം നടത്തുമ്പോഴാണ് ട്രംപിന്റെ സമാധാന നീക്കം. യുദ്ധമോ സമാധാനമോ? സമാധാന നീക്കത്തിനിടയിലും ട്രംപ് യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പതിനായിരം സൈനികരെക്കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാൻ തീരുമാനിച്ചത്. ട്രംപ് ഇറാനിൽ കരയുദ്ധത്തിനൊരുങ്ങുന്നതിന്റെ സൂചനയായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഖാർഗ് ദ്വീപ് ഉൾപ്പെടെ ഇറാന്റെ വൻ എണ്ണ ശേഖരങ്ങൾ പിടിച്ചെടുക്കുകയാണത്രെ ഈ നീക്കത്തിന്റെ ലക്ഷ്യം. വിപുലമായൊരു സൈനിക നീക്കത്തിനുള്ള മുന്നൊരുക്കമാണ് ഈ വെടിനിർത്തൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. കരയുദ്ധം ആരംഭിച്ചാൽ, ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കിയുള്ള ഇറാന്റെ പ്രത്യാക്രമണം യു.എസിനും നഷ്ടമാണ് വരുത്തുക. അപ്പോൾ, പുതിയ സൈനിക വിന്യാസത്തിന് പിന്നിൽ ഇറാനെ സമ്മർദത്തിലാക്കാനാകാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇറാന്റെ പ്രത്യാക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷയൊരുക്കാനുമാകാം. അതെന്തായാലും, ട്രംപിന്റെ ദ്വിമുഖ നീക്കം വിഷയത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. ജാഗ്രതയോടെ ഇറാൻ ട്രംപിന്റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് ഇറാനും സമീപിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഹുർമുസിൽ അവർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇപ്പോൾ പറഞ്ഞുകേൾക്കുന്ന സമാധാന ചർച്ചകളോട് പൂർണമായി സഹകരിക്കാത്തതും ഇതേ കാരണത്താലാണ്. ഇതിനുപുറമെ, ഇറാന്റെ വിനാശകാരികളായ ആയുധങ്ങൾ ഇപ്പോഴും അവർ പുറത്തെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2025 മേയിൽ ഇറാൻ അവതരിപ്പിച്ച ഖാസിം ബാസിൽ മിസൈലിന് 500 കി.ഗ്രാം ഭാരമുള്ള ആയുധം വഹിക്കാൻ ശേഷിയുണ്ട്. ഇതിന്റെ പ്രയാണത്തെ ഇലക്ട്രോണിക് വാർഫയർ സംവിധാനങ്ങളിലൂടെ തടസ്സപ്പെടുത്താൻ സാധിക്കുകയുമില്ല. ഇത്തിമാദ്, ഫത്താഹ്, റഅ്ദ് തുടങ്ങിയ മിസൈലുകളും ഇതുവരെയും ഇറാൻ പ്രയോഗിച്ചിട്ടില്ല. ചുരുങ്ങിയ ദൂരപരിധിയിൽ അതിവേഗം ദിശമാറ്റാൻ കഴിയുന്ന ആയുധവാഹിനികളാണിവയെല്ലാം. ഇത്രയും ദിവസം ഇവയൊന്നും എന്തുകൊണ്ട് പ്രയോഗിച്ചില്ല എന്നത് പലരും ഉയർത്തുന്ന ചോദ്യമാണ്. പൂർണ സജ്ജമല്ലാത്തതാകാം കാരണമെന്ന് വിലയിരുത്തപ്പെടുമ്പോൾ, ഒരു വിഭാഗം യുദ്ധകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് അവ കരയുദ്ധമുണ്ടായാൽ പ്രയോഗിച്ചേക്കാം എന്നാണ്. ഈ സാധ്യത സഖ്യ സൈന്യവും തള്ളിക്കളയുന്നില്ല. തകർന്നത് നൂറിലധികം ചരിത്രശേഷിപ്പുകൾ തെഹ്റാൻ: ഇറാനിൽ 28 ദിവസം പിന്നിട്ട യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ തകർന്നത് നൂറിലധികം ചരിത്ര സ്മാരകങ്ങൾ. തെഹ്റാനിലെ കൾച്ചറൽ ഹെറിറ്റേജ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 120 പൈതൃക കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇതിൽ ഭൂരിഭാഗവും യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ളതാണ്. യുനെസ്കോയുടെ പട്ടികയിൽ ഇസ്ഫഹാനിലെ 130ലധികം സ്മാരകങ്ങളുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - What's on Trump's mind?
