കൂരാലി: ഇളങ്ങുളം അമ്പലം ഭാഗത്തെ ട്രാൻസ്‌ഫോർമർ റോഡരികിൽ മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് മാറ്റിയത് അപകടാവസ്ഥ സൃഷ്ടിച്ചെന്ന് പ്രദേശവാസികൾ. എസ്.എൻ.ഡി.പി കവലക്കു സമീപം നേരത്തെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്താണ് പുതിയതായി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം സമീപത്തെ പറമ്പിലെ മരങ്ങൾ വീണ് നശിച്ചതാണ്. ഇവിടെ കൂട്ടത്തോടെ വൻമരങ്ങൾ നിൽക്കുന്ന പ്രദേശമാണ്. മഴയോ കാറ്റോ ഉണ്ടായാൽ മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. റോഡിന്റെ ടാറിങ്ങിനോട് ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. നേരത്തെ സ്ഥാപിച്ചിരുന്നിടത്തുനിന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കോൺക്രീറ്റ് അടിത്തറയുൾപ്പെടെ കുഴിച്ചെടുത്ത് മാറ്റി അതേപടി പുതിയ സ്ഥലത്ത് കുഴിയെടുത്ത് ഇറക്കിവെക്കുകയായിരുന്നു. മണ്ണിൽ പുതിയതായി കോൺക്രീറ്റ് ചെയ്യാതെ ഇപ്രകാരം ചെയ്തതും അപകടത്തിന് വഴിയൊരുക്കുമെന്നാണ് സമീപവാസികളുടെ ആശങ്ക. നേരത്തെ ട്രാൻസ്‌ഫോർമർ വളരെ സുരക്ഷിതമായി മരങ്ങളുടെയോ വഴിയാത്രക്കാരുടെയോ സാന്നിധ്യമുണ്ടാകാത്ത ഇടത്തായിരുന്നു. എന്നാൽ, എന്തിനാണ് ട്രാൻസ്‌ഫോർമർ കൂടുതൽ അപകടകരമായ സ്ഥലത്തേക്ക് മാറ്റിയതെന്ന് ആർക്കുമറിയില്ല. പൊൻകുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ളതാണ് ഈ ട്രാൻസ്‌ഫോർമർ.

ട്രാൻസ്‌ഫോർമർ മാറ്റിയത് മരങ്ങൾക്കിടയിൽ; അപകടാവസ്ഥയെന്ന് പ്രദേശവാസികൾ
M
MadhyamamSource Link
about 1 month ago