കൊച്ചി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ട വൻതുക പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ തിരികെ ലഭിച്ചു. കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 1.06 കോടി രൂപയാണ് പരാതിക്കാരന് തിരിച്ചുലഭിച്ചത്. 2025 നവംബർ ആറിന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടന്ന തട്ടിപ്പിൽ ഏകദേശം 1.06 കോടി രൂപ നഷ്ടപ്പെട്ടതായി എറണാകുളം ചാത്ത്യത്ത് റോഡിൽ താമസിക്കുന്ന 81കാരനാണ് കൊച്ചി സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിതത്. പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര അന്വേഷണവും സാങ്കേതിക ഇടപെടലുകളും വഴി ജമ്മു-കശ്മീരിലെ ശ്രീനഗറിലുള്ള ഐ.സി.ഐ.സി.ഐ അക്കൗണ്ടിൽ കണ്ടെത്തിയ ഒരു കോടിയിലധികം വരുന്ന തുകയാണ് പൊലീസിന് തിരികെ വാങ്ങാൻ സാധിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമിഷണർ കെ.എസ്. ഷഹൻഷായുടെ നിർദേശത്തിൽ സൈബർ സ്റ്റേഷൻ എ.സി.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷെമീർഖാൻ, എ.എസ്.ഐ ഗിരീഷ്‌കുമാർ, സി.പി.ഒ റോബിൻ എന്നിവരാണ് സമയോചിത ഇടപെടൽ നടത്തിയത്.

ഡിജിറ്റൽ അറസ്റ്റ്; വയോധികനിൽനിന്ന് തട്ടിയ 1.06 കോടി തിരിച്ചുപിടിച്ച് സൈബർ പൊലീസ്
M
MadhyamamSource Link
about 2 months ago