ഡ്രോൺ ഇറക്കുമതി അനുമതിക്ക് കൈക്കൂലി; മുതിർന്ന ഡി.ജി.സി.എ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ

ഡ്രോൺ ഇറക്കുമതി അനുമതിക്ക് കൈക്കൂലി; മുതിർന്ന ഡി.ജി.സി.എ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡ്രോൺ ഇറക്കുമതി അനുമതിയുമായി ബന്ധപ്പെട്ട 2.5 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) മുതിർന്ന ഉദ്യോഗസ്ഥനും ഒരു സ്വകാര്യ കോർപറേറ്റ് സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവും അറസ്റ്റിൽ. ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുദവത് ദേവുലയെയും ഒരു സ്വകാര്യ കോർപറേറ്റ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഭരത് മാത്തൂറിനെയുമാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തത്. ഡ്രോൺ ഇറക്കുമതി ചെയ്യുന്ന ഒരു എയ്‌റോസ്‌പേസ് കമ്പനിയുമായും മാത്തൂരിന് ബന്ധമുണ്ട്. കൈ​ക്കൂലി ആരോപണത്തെ തുടർന്ന് ഏപ്രിൽ 18നാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്വകാര്യ എയ്‌റോസ്‌പേസ് സ്ഥാപനത്തിൽ നിന്ന് അപേക്ഷകൾ ക്ലിയർ ചെയ്യുന്നതിനും അനുമതികൾ നൽകുന്നതിനും പകരമായി ഡി.ജി.സി.എ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ശനിയാഴ്ച നടത്തിയ ഒരു ഓപ്പറേഷനിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരിൽനിന്ന് കൈക്കൂലി പണമായ 2.5 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തതായും സി.ബി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ, ഡൽഹിയിലെ നാല് സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. പരിശോധനയിൽ 37 ലക്ഷം രൂപയും സ്വർണ്ണ, വെള്ളി നാണയങ്ങളും ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ബി.​ഐ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്രോൺ ഇറക്കുമതി അനുമതിക്ക് കൈക്കൂലി; മുതിർന്ന ഡി.ജി.സി.എ ഉദ… | Boolokam