അന്തിക്കാട് (തൃശൂർ): ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി തിരിച്ചെത്തിയ സി.സി. മുകുന്ദൻ മത്സരരംഗത്ത് ഉറച്ചു തന്നെ. യു.ഡി.എഫ് പിന്തുന്ന നൽകിയില്ലെങ്കിലും സ്വതന്ത്രനായി മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയ മട്ടാണ്. സി.പി.ഐ ഒഴികെ എല്ലാ പാർട്ടികളുടേയും നേതാക്കൾ തന്നെ വന്നു കണ്ടുവെന്ന് മുകുന്ദൻ പറഞ്ഞു. അതേസമയം, മുകുന്ദൻ നാട്ടികയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാകുന്നതിനോട് താന്ന്യം മണ്ഡലം പ്രസിഡന്റ് അടക്കം കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നതാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയത്. വികസനമുരടിപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സമരം വരെ ചെയ്തിരുന്നു. താൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് മുകുന്ദൻ സ്വയം പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്. ഇതുമൂലം ചില നേതാക്കൾ മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ്. പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ മത്സരിക്കാൻ തയാറായി അഞ്ച് വർഷമായി കോൺഗ്രസ് നേതാക്കൾ സജീവമായുണ്ട്. ഇവരെ തഴഞ്ഞ് മുകുന്ദനെ മത്സരിപ്പിക്കുന്നതാണ് പ്രാദേശികനേതാക്കളെ വിഷമിപ്പിക്കുന്നത്. അതേസമയം, മുകുന്ദന്റെ തട്ടകമായ അന്തിക്കാട്ടെ കോൺഗ്രസിലെ ഒരു വിഭാഗം അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. അഴിമതിയുടെ കറ പുരളാത്ത മുകുന്ദൻ എൽ.ഡി.എഫ് കോട്ടയായ നാട്ടികയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാൽ വിജയപ്രതീക്ഷയുണ്ടെന്നാണ് ഇവരുടെ നിലപാട്.

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി സി.സി. മുകുന്ദൻ തിരിച്ചെത്തി
M
MadhyamamSource Link
about 2 months ago