കോഴിക്കോട്: ‘കോമൺ സെൻസ് ഈസ് നോട്ട് കോമൺ, ഞാൻ ഒരാളെ ജോലിക്ക് വെക്കുമ്പോൾ അയാൾ എവിടെ പഠിച്ചു എന്നല്ല ആദ്യം നോക്കാറ്, അയാൾക്ക് കോമൺ സെൻസുണ്ടോ എന്നാണ് നോക്കുക. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ബേസികായി വേണ്ടത് അതാണ്... ഒരു കാര്യം സിമ്പിൾ ആയി പറയാൻ പറ്റുന്നില്ലെങ്കിൽ ആ കാര്യം നിങ്ങൾക്ക് മനസ്സിലായിട്ടില്ലെന്നാണ്...’ എജുകഫേയിൽ ബ്രാൻഡ് സ്വാമിയുടെ ദ ആർട്ട് ഓഫ് മീനിങ്ഫുൾ കമ്യൂണിക്കേഷൻ ഏറെ ശ്രദ്ധേയമായി. ആശയവിനിമയം, ബ്രാൻഡ് തന്ത്രം, ഡിജിറ്റൽ അനുഭവം, ഡാറ്റ വിശകലനം, ഉപഭോക്തൃ ഉൾക്കാഴ്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെ ചുരുങ്ങിയ സമയംകൊണ്ടാണ് കേൾവിക്കാരുടെ മനസ്സിലേക്ക് മാന്ത്രികമായി കയറ്റിവെച്ചത്. സങ്കീർണമായ പ്രശ്നങ്ങൾ എളുപ്പം മനസ്സിൽ തറപ്പിച്ചു നിർത്താൻ ശാസ്ത്രീയമല്ലാത്ത കഥകൾപോലും ആധുനിക സിദ്ധാന്തങ്ങൾക്ക് ഉപയോഗപ്പെടുത്തിയത് ആൽബർട്ട് ഐൻസ്റ്റീന്റെയും ആർക്കമിഡിസിന്റെയും കഥകൾ ചൂണ്ടിക്കാണ്ടി അദ്ദേഹം സമർഥിച്ചു. അദ്ദേഹത്തിനുള്ള മാധ്യമം ഉപഹാരം മാധ്യമം കൺട്രി ഹെഡ് കെ. ജുനൈസ് നൽകി.
