തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാലിന്യശേഖരണം ഹരിതമിത്രം ആപ് വഴി മാത്രം

തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാലിന്യശേഖരണം ഹരിതമിത്രം ആപ് വഴി മാത്രം

M
MadhyamamSource Link
മലപ്പുറം: മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ ശേഖരണം കാര്യക്ഷമമാക്കുകയും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ നിർബന്ധമാക്കുന്നു. മാർച്ച് 31നകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യശേഖരണത്തിന് ഹരിത മിത്രം ആപ് നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. നിലവിൽ ഉപയോഗിക്കാത്ത തദ്ദേശ സ്ഥാപനങ്ങളും ആപ് ഉപയോഗിക്കണമെന്നാണ് നിർദേശം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ലഭ്യമായ സൗകര്യങ്ങൾ സംബന്ധിച്ചും ഓരോ പ്രദേശങ്ങളിലും ഉൽപാദിപ്പിക്കപ്പെടുന്ന പാഴ് വസ്തുക്കളെ സംബന്ധിച്ചും കൃത്യമായ കണക്ക് സർക്കാറിന് ലഭിക്കുന്നതിനാണ് ആപ് നിർബന്ധമാക്കുന്നത്. മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം കെ സ്മാർട്ട് ആപ് വഴിയായതിനാൽ ഹരിതമിത്രത്തെ ഇതുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരമാവധി ഉപഭോക്താക്കളെ ആപിന്റെ പരിധിയിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ വാതിൽപടി ശേഖരണത്തിന്റെ ഡിജിറ്റൽ മോണിറ്ററിങ്ങിനായി കെൽട്രോൺ വഴി വികസിപ്പിച്ച് നടപ്പാക്കിയതാണ് ഹരിതമിത്രം ആപ്ലിക്കേഷൻ. നിലവിൽ ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോഴും ഈ ആപ് ഉപയോഗിക്കാതെ ഭാഗികമായോ പൂർണമായോ മറ്റ് സ്വകാര്യ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതുമൂലം സർക്കാറിന് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സാങ്കേതികവും നിയമപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ ഏജൻസികളുമായി കരാറുണ്ടാക്കുകയാണെങ്കിൽ ഹരിതമിത്രം ആപ് ഉപയോഗിക്കണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്. മാർച്ച് 31നകം ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രിൻസിപ്പൽ ഡയറക്ടർക്കും ഇൻഫർമേഷൻ കേരള മിഷന്റെയും ശുചിത്വമിഷന്റെയും എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ചുമതല നൽകിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാലിന്യശേഖരണം ഹരിതമിത്രം ആപ് വഴി മാത… | Boolokam