ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ അപ്രസക്തമാക്കി വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) അപ്രതീക്ഷിത കുതിപ്പ് നടത്തുമ്പോൾ, താരത്തെ നേരിൽ കാണാൻ നടി തൃഷ എത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തൃഷ ചെന്നൈയിലെ വിജയിയുടെ വസതിയിലെത്തിയത്. തന്റെ 43ാം ജന്മദിനത്തോടനുബന്ധിച്ച് പുലർച്ചെ തിരുപ്പതി ദർശനം നടത്തിയ തൃഷ, അവിടെ നിന്ന് മടങ്ങിയെത്തിയ ഉടനെയാണ് വിജയിയെ കാണാൻ ചെന്നൈയിലെ വീട്ടിലെത്തിയത്. വെളുത്ത കാറിലെത്തിയ താരം മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ വേഗത്തിൽ വീടിനുള്ളിലേക്ക് പ്രവേശിച്ചു. വോട്ടെണ്ണൽ പുരോഗമിക്കവേ ടി.വി.കെ തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ സന്ദർശനം. തമിഴ് രാഷ്ട്രീയത്തിലെ അതികായന്മാരെ ഞെട്ടിക്കുന്ന പ്രകടനമാണ് ടി.വി.കെ കാഴ്ചവെച്ചത്. 107 സീറ്റുകൾ നേടി പാർട്ടി, ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ മുന്നണികളെ പ്രതിരോധത്തിലാക്കി കഴിഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാജയമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. കൊളത്തൂർ മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർത്ഥി വി.എസ്. ബാബു ഏകദേശം 8,000 വോട്ടുകൾക്കാണ് സ്റ്റാലിനെ അട്ടിമറിച്ചത്. വിജയും തൃഷയും തമ്മിലുള്ള സൗഹൃദം കുറച്ചുകാലമായി തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാണ്. വിജയിന്റെ ഭാര്യ സംഗീതയുമായുള്ള വിവാഹമോചന നടപടികൾ കോടതിയിൽ തുടരുന്നതിനിടെ തൃഷയുടെ ഈ സന്ദർശനം ആരാധകർക്കിടയിൽ പലവിധ സംസാരങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.ഈ വർഷം ആദ്യം ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത വിവാഹമോചന ഹരജിയിൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഉയർന്ന ഗോസിപ്പുകൾക്ക് തൃഷയുടെ ഇപ്പോഴത്തെ സന്ദർശനം വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

തമിഴകം ‘വെട്രി’ കഴകം; നേരിട്ടെത്തി ആശംസ നേർന്ന് തൃഷ
M
MadhyamamSource Link
about 2 hours ago
