ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ഡി.എം.കെ സംഖ്യം മുന്നിൽ. എക്സിറ്റ് പോളിലെ ഫലങ്ങൾ ശരിവെക്കുന്നതാണ് ആദ്യ ഫല സൂചന. വോട്ടെണ്ണൽ തുടങ്ങി ആദ്യമണിക്കൂറിൽതന്നെ നിലവിലെ ഭരണകക്ഷിയായ ഡി.എം.കെക്ക് തന്നെയാണ് മുൻതൂക്കം. എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം സംസ്ഥാനത്ത് രണ്ടാമത് ലീഡ് ചെയ്യുന്നു. 16 സീറ്റുകളിലാണ് നിലവിൽ നടൻ വിജയ് യുടെ രാഷ്രടീയ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) ലീഡ് ചെയ്യുന്നത്. ടി.വി.കെ സംസ്ഥാനത്ത് നിർണായക സാന്നിധ്യമാകുമെന്ന് എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലേറുമെന്ന് സൂചന. വോട്ടെണ്ണൽ തിങ്കളാഴ്ച സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. എല്ലായിടത്തും വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവും (ടി.വി.കെ) അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യവും ഉയർത്തിയ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഡി.എം.കെ സഖ്യം നേട്ടംകൊയ്യുന്നത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് വേണം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് തനിച്ച് 133 സീറ്റുകൾ ലഭിച്ചിരുന്നു. 164 ഇടങ്ങളിൽ മത്സരിക്കുന്ന ഡി.എം.കെക്ക് ഇത്തവണ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സ്റ്റാലിൻ അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയാൽ അത് തമിഴക രാഷ്ട്രീയത്തിൽ ചരിത്ര സംഭവമാവും. ഡി.എം.കെക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭ്യമാവാത്തപക്ഷം തമിഴകത്ത് ഇതാദ്യമായി കൂട്ടുകക്ഷി സർക്കാറായിരിക്കും അധികാരത്തിലെത്തുക. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ സംഘടനക്കകത്ത് അന്തശ്ഛിദ്രം ഉടെലടുക്കും. ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഇത്തവണ പരമാവധി ജയസാധ്യതയുള്ള സീറ്റുകൾ കൈവശംവെച്ച് പ്രതീക്ഷ കുറഞ്ഞ സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകുകയായിരുന്നു. ഇതിൽ ഇരു മുന്നണികളിലെയും സഖ്യകക്ഷികൾക്ക് കടുത്ത അസംതൃപ്തിയാണുള്ളത്.

തമിഴ്നാട്ടിൽ ഡി.എം.കെ...ആദ്യ ഫലസൂചനകൾ അനുകൂലം; ടി.വി.കെ നിർണായക ശക്തിയായേക്കും
M
MadhyamamSource Link
about 2 hours ago
