ചെന്നൈ: തമിഴ്നാട് എൻ.ഡി.എയിലെ മുഖ്യ ഘടകകക്ഷികളുടെ സീറ്റ് നിർണയം പൂർത്തിയായി. തിങ്കളാഴ്ച ചെന്നൈ റോയപേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ്ഗോയലിന്റെ സാന്നിധ്യത്തിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണ് പ്രഖ്യാപിച്ചത്. മുഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ 170ലധികം സീറ്റുകളിൽ ജനവിധി തേടും. ബി.ജെ.പി 27 സീറ്റുകളിൽ മത്സരിക്കും. ഡോ. അൻപുമണി രാമദാസിന്റെ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ)- 18, ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം- 11 എന്നിങ്ങനെയുമാണ്. സഖ്യത്തിലെ മറ്റു കക്ഷികളുടെ സീറ്റെണ്ണം പിന്നീട് അറിയിക്കുമെന്നും പളനിസാമി വ്യക്തമാക്കി. സഖ്യകക്ഷികളെല്ലാം പങ്കെടുത്ത ചടങ്ങിൽ തമിഴ് മാനില കോൺഗ്രസ് നേതാവ് ജി.കെ. വാസന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. 2021ൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പി 20 സീറ്റിൽ മത്സരിച്ചെങ്കിലും നാലിടങ്ങളിൽ മാത്രമാണ് വിജയിച്ചത്. ഇത്തവണ ഏഴ് സീറ്റ് കൂടുതലായി ലഭിച്ചു. പി.എം.കെ കഴിഞ്ഞ തവണ 23 സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇത്തവണ പാർട്ടി പിളർന്നതിനെ തുടർന്നാണ് സീറ്റ് കുറഞ്ഞത്. ജയലളിതയുടെ മരണത്തിനുശേഷം അണ്ണാ ഡി.എം.കെയിൽനിന്ന് വേറിട്ടുപോയി പാർട്ടി രൂപവത്കരിച്ച ടി.ടി.വി. ദിനകരനെ ബി.ജെ.പി മുൻകൈയെടുത്താണ് സഖ്യത്തിലെത്തിച്ചത്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.

തമിഴ്നാട്ടിൽ ബി.ജെ.പിക്ക് 27 സീറ്റ്; അണ്ണാ ഡി.എം.കെ 170ൽ മത്സരിക്കും
M
MadhyamamSource Link
about 2 months ago