ന്യൂഡൽഹി: ജനവിധി മാനിക്കുന്നുവെന്നും എൽ.ഡി.എഫ് പരാജയത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരിശോധന നടത്തി ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും പാർട്ടി സ്വീകരിക്കുമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും വേണ്ടി പരമാവധി പ്രവർത്തിച്ച പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷമാണ് എൽ.ഡി.എഫ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സമഗ്രമായ വിശകലനം നടത്തുകയും കർമ പദ്ധതിക്ക് രൂപം നൽകുന്നതിനുമായി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേരും. ജനങ്ങളുടെ അവകാശങ്ങൾക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഉറപ്പുനൽകുന്നതായും പോളിറ്റ്ബ്യൂറോ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബംഗാളിലും അസമിലുമുള്ള ബി.ജെ.പി വിജയം ആശങ്ക ജനിപ്പിക്കുന്നതാണ്. പശ്ചിമ ബംഗാളിൽ അഴിമതി നിറഞ്ഞ ടി.എം.സി സർക്കാറിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ബി.ജെ.പിക്ക് ഗുണം ചെയ്തു. അവരുടെ വർഗീയവും ഭിന്നിപ്പിക്കുന്നതും ക്രൂരവുമായ വിദ്വേഷ പ്രചാരണം, തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, എസ്.ഐ.ആർ നടപടിക്രമങ്ങൾ എന്നിവയെല്ലാം ബി.ജെ.പി വിജയത്തിന് കാരണമായെന്നും പി.ബി പ്രസ്താവനയിൽ വിശദീകരിച്ചു.
