തിരൂരങ്ങാടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം നിലച്ചിട്ട് രണ്ടുമാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലംമാറിപ്പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ നിയമനം നടന്നുവെങ്കിലും ഇതുവരെ ചുമതലയേൽക്കാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്. ദിവസേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ഫിസിഷ്യന്റെ അഭാവം ചികിത്സാസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വിഷയം നേരത്തേ സാമൂഹിക പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽപാറ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പുതിയ ഫിസിഷ്യനെ നിയമിച്ച് ഉത്തരവിറക്കിയത്. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ഡോക്ടർ ചുമതല ഏറ്റെടുത്തിട്ടില്ല. ജീവിതശൈലി രോഗങ്ങൾക്കും മറ്റും സ്ഥിരമായി ചികിത്സ തേടുന്നവർക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സർക്കാർ ഉത്തരവ് നിലവിലുണ്ടായിട്ടും ഡോക്ടർ എത്താത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായാണ് ജനം കാണുന്നത്. ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഷ്റഫ് കളത്തിങ്ങൽപാറ ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി നിയമനം നടന്നിട്ടും ഡോക്ടർ എത്തിയില്ല
M
MadhyamamSource Link
about 2 months ago