BoolokamBoolokam
തി​ര 
സാ​ഗ​ര​ത്തി​ൽ 
ല​യി​ച്ച​പ്പോ​ൾ

തി​ര സാ​ഗ​ര​ത്തി​ൽ ല​യി​ച്ച​പ്പോ​ൾ

M
MadhyamamSource Link
മു​നി നാ​രാ​യ​ണ പ്ര​സാ​ദി​നെ ഓ​ർ​മി​ക്കു​ക​യാ​ണ് ശി​ഷ്യ​ൻ​കൂ​ടി​യാ​യ ലേ​ഖ​ക​ൻ. മു​നി​യു​ടെ ജീ​വി​തം സ​ന്യാ​സ​ത്തി​ന്റെ പൂ​ർ​ണ​ത​യാ​യി​രു​ന്നു എ​ന്ന് എ​ഴു​തു​ന്ന​തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്റെ സ​വി​ശേ​ഷ​ത​ക​ളെ​യും നി​ല​പാ​ടു​ക​ളെ​യും കു​റി​ച്ചും വി​വ​രി​ക്കു​ന്നു. തി​ര​യു​ടെ മ​ര​ണം അ​വ​സാ​ന​മ​ല്ല, നി​ത്യ​ത​യെ പു​ൽ​ക​ലാ​ണ്. എ​ന്താ​ണ് തി​ര? അ​ത് ജ​ലം ത​ന്നെ. ക​ട​ലും അ​തേ ജ​ല​ത്തി​ന്റെ വി​പു​ലീ​ക​ര​ണ​മാ​ണ്. തി​ര വേ​റി​ട്ട ഒ​ന്നാ​യി തോ​ന്നു​മ്പോ​ഴും, അ​തി​ന് ജ​ല​ത്തി​ൽ​നി​ന്നും സ്വ​ത​ന്ത്ര​മാ​യ ഒ​രു അ​സ്തി​ത്വ​മി​ല്ല. അ​ത് ഒ​രി​ക്ക​ലും ക​ട​ലി​ൽ​നി​ന്ന് വേ​ർ​പെ​ടു​ന്നി​ല്ല. ന​മ്മെ ഒ​രു തി​ര​യാ​യി ക​രു​തി​യാ​ൽ, കാ​റ്റി​ന്റെ സ്പ​ർ​ശ​ത്തി​ൽ ജ​ന​ന​മു​ണ്ടാ​കു​ന്നു, ച​ല​ന​ത്തി​ൽ ജീ​വി​ത​വും, ശാ​ന്ത​ത​യി​ൽ ല​യ​ന​വും. എ​ന്നാ​ൽ, ജ​ലം നി​ത്യ​മാ​ണ്. ഒ​രു തി​ര താ​ൻ ജ​ല​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​താ​ണ് അ​തി​ന്റെ മോ​ക്ഷം. ഇ​തേ സ​ത്യ​മാ​ണ് നാ​രാ​യ​ണ ഗു​രു “നാം ​ശ​രീ​ര​മ​ല്ല അ​റി​വാ​കു​ന്നു” എ​ന്ന വാ​ക്കു​ക​ളി​ലൂ​ടെ സൂ​ചി​പ്പി​ക്കു​ന്ന​തും. അ​തി​നെ അ​ത്യ​ന്തം ല​ളി​ത​മാ​യി ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ജീ​വി​ത​മൊ​ട്ടാ​കെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. “ഒ​രു തി​ര ക​ട​ലാ​യി മാ​റു​ന്നു; രൂ​പം​മാ​ത്രം മാ​റു​ന്നു” എ​ന്ന് ഗു​രു മു​നി മ​ര​ണ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല, രൂ​പം മാ​ത്രം മാ​റു​ന്നു. മ​നു​ഷ്യ​ന്റെ സാ​ധാ​ര​ണ ബോ​ധ​ത്തി​ൽ മ​ര​ണം ഒ​രു അ​വ​സാ​ന​മാ​യി കാ​ണ​പ്പെ​ടു​ന്നു. ഒ​രു ജീ​വി​ത​ത്തി​ന്റെ തി​ര​ശ്ശീ​ല വീ​ഴു​ന്ന​തു​പോ​ലെ. എ​ന്നാ​ൽ, ദ​ർ​ശ​ന​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ, മ​ര​ണം അ​വ​സാ​ന​മ​ല്ല; അ​ത് ഒ​രു മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യാ​ണ്, രൂ​പ​പ​രി​ധി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഒ​രു സ്വാ​ഭാ​വി​ക പ്ര​ക്രി​യ മാ​ത്രം. ഒ​രു ഗു​രു​വി​ന്റെ മ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ന്റെ അ​വ​സാ​ന​മ​ല്ല. മ​റി​ച്ച്, അ​ദ്ദേ​ഹ​ത്തി​ന്റെ ദ​ർ​ശ​നം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന ഒ​രു ഘ​ട്ട​മാ​ണ്. ശ​രീ​രം ഇ​ല്ലാ​താ​കു​മ്പോ​ൾ, വാ​ക്കു​ക​ളും ചി​ന്ത​ക​ളും കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ന്നു. ഗു​രു മു​നി ത​ന്റെ ദേ​ഹ​പ​രി​ധി​ക​ൾ​ക്ക​പ്പു​റം ഒ​രു സാ​ന്നി​ധ്യ​മാ​യി തു​ട​രു​ന്നു; അ​ദ്ദേ​ഹം ഒ​രു സ​ന്യാ​സി​യെ​ന്ന​തി​ലു​പ​രി, ഒ​രു ചി​ന്താ​ധാ​ര​യു​ടെ, ദ​ർ​ശ​ന​ത്തി​ന്റെ, മ​ഹ​ത്താ​യ ഗു​രു പ​ര​മ്പ​ര​യു​ടെ തു​ട​ർ​ച്ച​യാ​ണ്. എ​ങ്കി​ലും, മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ വി​ഭ​ജ​ന​ത്തി​ന്റെ മ​തി​ലു​ക​ളു​യ​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭാ​വം ഒ​രു ന​ഷ്ട​മെ​ന്ന​തി​ലു​പ​രി, അ​ദ്ദേ​ഹ​ത്തി​ന്റെ ദ​ർ​ശ​നം ന​മു​ക്കു​ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​കൂ​ടി മാ​റി​ത്തീ​രു​ന്നു. ഗു​രു പ​ര​മ്പ​ര നാ​രാ​യ​ണ​ഗു​രു, ന​ട​രാ​ജ​ഗു​രു, ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി, ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്... ഇ​ത് ഗു​രു​ക്ക​ന്മാ​രു​ടെ പ​ട്ടി​ക​യ​ല്ല; ഒ​രു ചി​ന്ത​യു​ടെ തു​ട​ർ​ച്ച​യാ​ണ്. ഒ​രു ദ​ർ​ശ​നം ഒ​രു വ്യ​ക്തി​യി​ൽ ആ​രം​ഭി​ച്ച് അ​വ​സാ​നി​ക്കു​ന്ന​ത​ല്ല; അ​ത് കാ​ല​ത്തി​നൊ​പ്പം വ്യ​ത്യ​സ്ത​രൂ​പ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന ഒ​രു തു​ട​ർ​ച്ച​യാ​ണ്. ഈ ​ഗു​രു പ​ര​മ്പ​ര അ​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. നാ​രാ​യ​ണ ഗു​രു​വി​ൽ​നി​ന്നും ജ്ഞാ​ന​ത്തി​ന്റെ ഒ​രു പ​ര​മ്പ​ര തു​ട​ങ്ങു​ന്നു​ണ്ട്. അ​റി​വു​കൊ​ണ്ടും അ​നു​ക​മ്പ​കൊ​ണ്ടും നാ​രാ​യ​ണ ഗു​രു ഈ ​ചി​ന്ത​ക്ക് അ​ടി​സ്ഥാ​നം ന​ൽ​കി, അ​ദ്വൈ​ത​ത്തി​ന്റെ ആ​ത്മീ​യ ദ​ർ​ശ​ന​ത്തെ സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു. മ​നു​ഷ്യ​ന്റെ ആ​ത്മ​സ​ത്യ​ത്തെ തി​രി​ച്ച​റി​യു​ന്ന​തും, അ​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ അ​സ​മ​ത്വ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​തും ഗു​രു​വി​ന്റെ ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. അ​തി​ലൂ​ടെ, ആ​ത്മീ​യ​ത ഒ​രു സ്വ​കാ​ര്യാ​നു​ഭ​വ​മെ​ന്ന​തി​ലു​പ​രി, ഒ​രു സ​ർ​വ​മാ​ന​വ ദ​ർ​ശ​ന​മാ​യി വി​ക​സി​ച്ചു. സ​ക​ല ഭേ​ദ​ബു​ദ്ധി​ക​ൾ​ക്കും അ​തീ​ത​മാ​യി മ​നു​ഷ്യ​ർ ഏ​ക​ലോ​ക​മാ​യി ജീ​വി​ക്കു​ന്ന ഒ​രു കാ​ല​മാ​യി​രു​ന്നു നാ​രാ​യ​ണ​ഗു​രു സ്വ​പ്നം ക​ണ്ടി​രു​ന്ന​ത്. നാ​രാ​യ​ണ​ഗു​രു​വി​ന്റെ ഏ​ക​ലോ​ക സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ഗു​രു​ദ​ർ​ശ​നം ഭേ​ദ​ബു​ദ്ധി​ക​ൾ​ക്ക് അ​തീ​ത​മാ​യി പ​ക​ർ​ന്നുന​ൽ​കാ​നും 1923ൽ ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ​ത​ന്നെ ന​ട​രാ​ജ​ഗു​രു സ്ഥാ​പി​ച്ച​താ​ണ് നാ​രാ​യ​ണ​ഗു​രു​കു​ലം. “ഗു​രു​വും ശി​ഷ്യ​ന്മാ​രും ഒ​രു കു​ടും​ബം​പോ​ലെ ക​ഴി​യ​ണം, ലോ​കം മു​ഴു​വ​ൻ ഗു​രു​കു​ല​മാ​ക​ണം.” ഇ​താ​യി​രു​ന്നു ഗു​രു​കു​ലം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ന​ട​രാ​ജ​ഗു​രു​വി​ന് നാ​രാ​യ​ണ​ഗു​രു ന​ൽ​കി​യ സ​ന്ദേ​ശം. നാ​രാ​യ​ണ​ഗു​രു​വി​ന്റെ ചി​ന്ത​ക്ക് ന​ട​രാ​ജ​ഗു​രു വ​ഴി കൂ​ടു​ത​ൽ ദാ​ർ​ശ​നി​ക രൂ​പം കൈ​വ​ന്നു. ദ​ർ​ശ​ന​ത്തെ അ​ദ്ദേ​ഹം ശാ​സ്ത്രീ​യ​വും ത​ർ​ക്കാ​ത്മ​ക​വു​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ച്, അ​ത് ആ​ഗോ​ള ചി​ന്താ​പ​രി​സ​ര​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ങ്ങ​നെ, ഒ​രു പ്രാ​ദേ​ശി​ക ആ​ത്മീ​യ പാ​ര​മ്പ​ര്യം സാ​ർ​വ​ലൗ​കി​ക​മാ​യ ബൗ​ദ്ധി​ക സം​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി തീ​ർ​ന്നു. നാ​രാ​യ​ണ​ഗു​രു​വി​ന്റെ ചി​ന്ത​യെ പാ​ശ്ചാ​ത്യ​ലോ​ക​ത്തി​ന് മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ൽ പാ​ശ്ചാ​ത്യ ത​ത്ത്വ​ചി​ന്ത​യു​ടെ​യും ആ​ധു​നി​ക ശാ​സ്ത്ര​ത്തി​ന്റെ​യും ഭാ​ഷ​യി​ലാ​യി​രു​ന്നു ന​ട​രാ​ജ​ഗു​രു ആ​വി​ഷ്ക​രി​ച്ച​ത്. തു​ട​ർ​ന്ന്, ഈ ​ചി​ന്ത ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ ആ​ന്ത​രി​ക​വും അ​നു​ഭ​വ​പ​ര​വു​മാ​യ ആ​ഴം നേ​ടി. ദ​ർ​ശ​നം പു​സ്ത​ക​ങ്ങ​ളി​ലെ ആ​ശ​യ​മാ​യി മാ​ത്രം നി​ല​നി​ൽ​ക്കാ​തെ, മ​നു​ഷ്യ​ന്റെ മ​ന​സ്സി​ലും അ​നു​ഭ​വ​ങ്ങ​ളി​ലും തെ​ളി​യു​ന്ന ഒ​രു സ​ത്യ​മാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ, ചി​ന്ത കൂ​ടു​ത​ൽ വ്യ​ക്തി​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് മാ​റു​ന്നു. സാ​ഹി​ത്യ​ത്തി​ന്റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ​യും മ​റ്റും സ​ങ്കേ​ത​ങ്ങ​ളെ ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ചേ​ർ​ത്തു​വെ​ച്ച് കാ​ണു​ക​യും വ്യ​ത്യ​സ്ത ചി​ന്താ​ധാ​ര​യി​ൽ വി​ചാ​രി​ച്ചി​രു​ന്ന മ​നു​ഷ്യ​രെ ഗു​രു​കു​ല​ത്തി​ലേ​ക്ക് ചേ​ർ​ത്തുനി​ർ​ത്തു​ക​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത്. ഈ ​സ​മ​ഗ്ര പാ​ര​മ്പ​ര്യം ദാ​ർ​ശ​നി​ക ആ​ഴം ന​ഷ്ട​പ്പെ​ടു​ത്താ​തെ, ല​ളി​ത​വും വ്യ​ക്ത​വു​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യു​മാ​ണ് ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ചെ​യ്ത​ത്. ത​ന്റെ ര​ച​ന​ക​ളി​ലൂ​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഈ ​ദ​ർ​ശ​നം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന വ​ഴി​ക​ൾ അ​ദ്ദേ​ഹം തു​റ​ന്നു. അ​തി​നാ​ൽ, ഈ ​ഗു​രു പ​ര​മ്പ​ര ഒ​രു വ്യ​ക്തി​യി​ൽ​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് കൈ​മാ​റ​പ്പെ​ട്ട ബ​ന്ധ​മ​ല്ല; അ​ത് ഒ​രു ചി​ന്ത​യു​ടെ തു​ട​ർ​ച്ച​യാ​ണ്, അ​ടി​സ്ഥാ​ന​ത്തി​ൽ​നി​ന്ന് വി​ക​സ​ന​ത്തി​ലേ​ക്കും, അ​വി​ടെ​നി​ന്ന് ആ​ന്ത​രി​ക അ​നു​ഭ​വ​ത്തി​ലേ​ക്കും പി​ന്നെ വീ​ണ്ടും ല​ളി​ത​മാ​യ പ്ര​ക​ട​ന​ത്തി​ലേ​ക്കും നീ​ങ്ങു​ന്ന ഒ​രു സ​ഞ്ചാ​രം. ഈ ​പാ​ര​മ്പ​ര്യം ഒ​രു വ്യ​ക്തി​യി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ല; അ​ത് ചി​ന്ത​യി​ലൂ​ടെ തു​ട​രു​ന്നു. ‘ഗു​രുസാ​ഗ​ര​ത്തി​ലെ ധീ​ര നാ​വി​ക​ൻ’ എ​ന്ന ലേ​ഖ​ന​ത്തി​ൽ സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഇ​ങ്ങ​നെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്: “ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​വും സു​ദീ​ർ​ഘ​വു​മാ​യ ഗു​രുശി​ഷ്യ​ബ​ന്ധ​ത്തി​ന്റെ അ​നു​സ്യൂ​ത​ത്ത്വ​ത്തി​ന് വി​ശ്വൈ​ക​ദൃ​ഷ്ടാ​ന്തം സോ​ക്ര​ട്ടീ​സ്-​പ്ലാ​റ്റോ-​അ​രി​സ്‌​റ്റോ​ട്ടി​ൽ ത്ര​യ​മാ​ണ​ല്ലോ. ഗു​രു​ദേ​വ​നും ന​ട​രാ​ജ​ഗു​രു​വും യ​തി​യും മു​നി​യും ചേ​ർ​ന്ന ഗു​രു ശി​ഷ്യ​പ​ര​മ്പ​ര​യു​ടെ അ​പൂ​ർ​വ​മാ​യ ച​തു​രം​ഗ സാ​ന്നി​ധ്യം വി​ജ്ഞാ​ന​ലോ​ക​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഗു​രു​വി​നെ തു​ട​ർ​ന്ന് വ​ന്ന ഇ​ത​ര പ​ര​മ്പ​ര​ക​ളേ​ക്കാ​ൾ, ഗു​രു​മാ​ർ​ഗ​ത്തി​ൽ​നി​ന്ന് മാ​റു​ക​യോ തെ​റ്റു​ക​യോ ചെ​യ്യാ​ത്ത പാ​ര​മ്പ​ര്യ​ശു​ദ്ധി ഗു​രു​കു​ലം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ‘അ​റി​വി​ൽ എ​ല്ലാം ഒ​ടു​ങ്ങു​ന്നു’ എ​ന്ന ഗീ​തോ​പ​ദേ​ശ​ത്തി​ൽ ജ്ഞാ​ന​മാ​ർ​ഗം ഒ​തു​ങ്ങു​ന്നു.” ജീ​വി​ത​രേ​ഖ 1938ൽ ​ഇന്നത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ന​ഗ​രൂ​രി​ൽ എം.​എ​ൻ. പ്ര​സാ​ദ് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ, 1960ൽ ​വ​ർ​ക്ക​ല നാ​രാ​യ​ണ​ ഗു​രു​കു​ല​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി ചേ​ർ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഔ​ദ്യോ​ഗി​ക ജീ​വി​തം ഉ​പേ​ക്ഷി​ച്ച് ആ​ത്മീ​യാ​ന്വേ​ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നു​മാ​യി ന​ട​രാ​ജ​ഗു​രു​വി​ന്റെ ശി​ഷ്യ​നാ​യി സ​മ​ർ​പ്പി​ത​നാ​യി. ന​ട​രാ​ജ​ഗു​രു​വി​ൽ​നി​ന്ന് ബ്ര​ഹ്മ​ച​ര്യ ദീ​ക്ഷ​യും നി​ത്യ ചൈ​ത​ന്യ യ​തി​യി​ൽ​നി​ന്ന് സ​ന്യാ​സ​ദീ​ക്ഷ​യും സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം, യ​തി​യു​ടെ കാ​ല​ശേ​ഷം നാ​രാ​യ​ണ​ഗു​രു​കു​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​നാ​യി. നാ​രാ​യ​ണ​ ഗു​രു​കു​ല​വും മു​നി നാ​രാ​യ​ണ പ്ര​സാ​ദും ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ച​രി​ത്രം എ​ന്നാ​ൽ അ​ത് ഗു​രു​കു​ല പ്ര​സ്ഥാ​ന​ത്തി​ന്റെ ച​രി​ത്രം എ​ന്നു കൂ​ടി​യാ​ണ്. പ​തി​നേ​ഴാം വ​യ​സ്സി​ൽ ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം 88ാം വ​യ​സ്സി​ൽ സ​മാ​ധി​പ്രാ​പി​ക്കു​ന്ന​തുവ​രെ ജീ​വി​ച്ച​ത്, ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച​ത് നാ​രാ​യ​ണ​ ഗു​രു​കു​ല​ത്തി​നുവേ​ണ്ടി​യാ​ണ്. ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ന്ന​ശേ​ഷം ഗു​രു​കു​ലം ബോ​ർ​ഡി​ങ്ങി​ന്റെ​യും ‘ഗു​രു​കു​ലം’ മാ​സി​ക​യു​ടെ​യും ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും ജോ​ലി രാ​ജി​വെ​ക്കു​ക​യും ചെ​യ്യു​ന്നു. ക്ര​മേ​ണ വ​ർ​ക്ക​ല നാ​രാ​യ​ണ​ ഗു​രു​കു​ല​ത്തി​ന്റെ പൂ​ർ​ണ ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​ന്റെ ചു​മ​ലി​ലാ​യി. “പ്ര​സാ​ദ് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ലോ​കം മു​ഴു​വ​ൻ ചു​റ്റി​സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ച്ച​ത്” എ​ന്ന് ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. യ​തി​യു​ടെ അ​ഭാ​വ​ത്തി​ൽ ഗു​രു​കു​ലം ന​ട​ത്തി​യി​രു​ന്ന​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. പാ​ശ്ചാ​ത്യ​വും പൗ​ര​സ്ത്യ​വു​മാ​യ ചി​ന്താ​ധാ​ര​ക​ളെ ചേ​ർ​ത്തു​വെ​ച്ച് പ​ഠി​പ്പി​ക്കു​ന്ന​രീ​തി​യാ​ണ് ഗു​രു​കു​ല​ത്തി​ന്റേ​ത്. കേ​വ​ല​മാ​യ ആ​ചാ​ര​ങ്ങ​ളേ​ക്കാ​ൾ ജ്ഞാ​ന​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തി​നാ​ൽ പ​ഠ​ന ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളു​മാ​ണ് ഗു​രു​കു​ല​ത്തി​ലു​ള്ള​ത്. ഇ​ത്ത​രം ക്ലാ​സു​ക​ൾ എ​ടു​ത്തും സെ​മി​നാ​റി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​മാ​ണ് ഗു​രു മു​നി ത​ന്റെ ജ്ഞാ​ന​യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക​ർ​ശ​ന​മാ​യ ചി​ട്ട​യോ​ടെ​യു​ള്ള വാ​യ​ന​യും പ​ഠ​ന​വും ഗു​രു​കു​ല​ത്തി​ൽ വ​ന്ന കാ​ലം മു​ത​ൽ അ​വ​സാ​ന കാ​ലം വ​രെ തു​ട​ർ​ന്നു​പോ​കു​ന്നു. ന​ട​രാ​ജ​ഗു​രു​വി​ന്റെ ശി​ക്ഷ​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം​ത​ന്നെ എ​പ്പോ​ഴും പ​റ​യു​ന്ന​താ​ണ്. ‘ഒ​രു ഗു​രുശി​ഷ്യ ബ​ന്ധം’ എ​ന്ന പു​സ്ത​കം വാ​യി​ച്ചാ​ൽ അ​ത് മ​ന​സ്സി​ലാ​കു​ന്ന​താ​ണ്. നാ​രാ​യ​ണ​ഗു​രു​വി​ന്റെ സ​മ്പൂ​ർ​ണ കൃ​തി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും വ്യാ​ഖ്യാ​നം എ​ഴു​തു​ക എ​ന്ന ച​രി​ത്രദൗ​ത്യം നി​ർ​വ​ഹി​ച്ച സ​ന്യാ​സി അ​ദ്ദേ​ഹ​മാ​ണ്. ഇ​തി​നു പു​റ​മേ ഭ​ഗ​വ​ദ്ഗീ​ത, വേ​ദാ​ന്ത​സൂ​ത്രം, ഉ​പ​നി​ഷ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് വ്യാ​ഖ്യാ​ന​വും ബൈ​ബി​ൾ, ഖു​ർ​ആ​ൻ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ക​യു​ണ്ടാ​യി. 150ലേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച അ​ദ്ദേ​ഹം ഗ്ര​ന്ഥ​ര​ച​ന​യെ പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജീ​വി​താ​ന്ത്യം വ​രെ ക​രു​തി​പ്പോ​ന്നു. ക​ഠി​ന​മാ​യ ഭാ​ഷ​യി​ൽമാ​ത്രം ത​ത്ത്വ​ചി​ന്ത സം​സാ​രി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ക​ഠി​ന​മാ​യ ത​ത്ത്വ​ചി​ന്ത ല​ളി​ത​മാ​യി എ​ഴു​തി​യും പ​റ​ഞ്ഞു​മാ​ണ് ഗു​രു മു​നി വ്യ​ത്യ​സ്ത​നാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നാ​രാ​യ​ണ ഗു​രു​വി​ന്റെ കൃ​തി​ക​ൾ​ക്ക് എ​ഴു​തി​യ വ്യാ​ഖ്യാ​ന​ത്തി​ന് അ​ദ്ദേ​ഹം കൊ​ടു​ത്ത പേ​ര് ‘ല​ളി​ത​വ്യാ​ഖ്യാ​നം’ എ​ന്നാ​ണ്. ന​ട​രാ​ജ​ഗു​രു​വി​ന്റെ, ക​ഠി​ന​മാ​യ ഭാ​ഷ​യി​ൽ എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ മ​റ്റാ​ർ​ക്കും സാ​ധി​ക്കാ​ത്ത വി​ധം സ​ര​ള​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​ത് കേ​വ​ലം ഭാ​ഷാ​ജ്ഞാ​നംകൊ​ണ്ട് മാ​ത്ര​മ​ല്ല, ന​ട​രാ​ജ​ഗു​രു​വി​ന്റെ ഹൃ​ദ​യ​മ​റി​യു​ന്ന ശി​ഷ്യ​നാ​യി​രു​ന്ന​തു​കൊ​ണ്ടു​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘അ​റി​വി​ന്റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ’, യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി എ​ഴു​തി​യ ‘യു​വ​ദ​ർ​ശ​നം’ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ൾ യു​വത​ല​മു​റ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​മാ​ണ്. 2015ൽ ‘​ആ​ത്മാ​യ​നം’ എ​ന്ന ആ​ത്മ​ക​ഥ​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ക​ഥ ന​മു​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ചെ​യ്യാ​ൻ സാ​ധി​ച്ച​ത് ഗു​രു​ക്ക​ന്മാ​രു​ടെ അ​നു​ഗ്ര​ഹം ഒ​ന്നു​മാ​ത്രം​കൊ​ണ്ടാ​ണെ​ന്ന് ഓ​രോ പു​സ്ത​ക​ത്തി​ലും അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടൊ​ക്കെ ആ​യി​രി​ക്കാം ന​ട​രാ​ജ​ഗു​രു എം.​എ​ൻ. പ്ര​സാ​ദ് എ​ന്ന പേ​രി​നു പ​ക​ര​മാ​യി മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്ന് പേ​ര് ന​ൽ​കു​ന്ന​തും. ത​നി​ക്ക് ല​ഭി​ച്ച സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും പ​ത്മ​ശ്രീ​യും അ​ദ്ദേ​ഹ​ത്തി​ന് ഒ​രി​ക്ക​ലു​മൊ​രു ഭാ​ര​മാ​യി​ല്ല. പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് വി​നീ​ത​മാ​യി ജീ​വി​തം തു​ട​ർ​ന്നു​പോ​ന്നു. ശ്രീനാരായണഗുരു,  സുകുമാർ അഴീക്കോട് കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന ഗു​രു “പ​ല​മ​ത​സാ​ര​വും ഏ​കം” എ​ന്ന് ലോ​ക​ത്തെ പ​ഠി​പ്പി​ച്ച മ​ഹാ​ഗു​രു​വി​ന്റെ പേ​രി​ലു​ള്ള ഗു​രു​കു​ല​ത്തി​ൽ നി​ത്യ പ്രാ​ർ​ഥ​ന​യി​ൽ ബൈ​ബി​ളി​ലെ​യും ഖു​ർ​ആ​നി​ലെ​യും പ്രാ​ർ​ഥ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഇ​ട​ങ്ങ​ൾ ന​മു​ക്ക് ചു​റ്റും വി​ര​ള​മാ​ണ്. മ​നു​ഷ്യ​രെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും മ​റ്റും പേ​രി​ൽ ചേ​രി തി​രി​ക്കു​ന്ന ഈ ​കാ​ല​ത്ത് ഭേ​ദ​ബു​ദ്ധി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ സ​ക​ല​രെ​യും ഒ​ന്നാ​യി കാ​ണു​ന്ന ഗു​രു​ക്ക​ന്മാ​ർ അ​പൂ​ർ​വ​മാ​ണ്. അ​ങ്ങ​നെ മ​നു​ഷ്യ​രെ ഒ​ന്നാ​യി ക​ണ്ട് ചേ​ർ​ത്തു​നി​ർ​ത്തി “എ​ല്ലാ​വ​രും ആ​ത്മ​സ​ഹോ​ദ​ര​ർ” എ​ന്ന ഗു​രു​ദ​ർ​ശ​നം സ്വ​ജീ​വി​തം​കൊ​ണ്ട് ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത വെ​ളി​ച്ച​മാ​യി​രു​ന്നു ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്. പ്ര​ക​ടി​ത ഭ​ക്തി​യെ​ക്കാ​ൾ സ​ത്യാ​ന്വേ​ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ശൈ​ലി. ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും സ​ന്യാ​സി​യും എ​ല്ലാ​മാ​യി​രു​ന്നി​ട്ടും പാ​ണ്ഡി​ത്യ​ത്തി​ന്റെ ദ​ന്ത​ഗോ​പു​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും വി​ഹ​രി​ച്ചി​ട്ടി​ല്ല. മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ന്ന് ല​ളി​ത​ജീ​വി​ത​ത്തി​ന്റെ ഉ​ത്ത​മ മാ​തൃ​ക കാ​ണി​ച്ചു. എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ലും അ​ത് സ​ത്യ​സ​ന്ധ​മാ​യും ആ​ത്മാ​ർ​ഥ​മാ​യും എ​ത്ര​യും വേ​ഗ​ത്തി​ലും ചെ​യ്തു​തീ​ർ​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ന​ട​രാ​ജ​ഗു​രു അ​ദ്ദേ​ഹ​ത്തെ ‘ശീ​ക്ര​ക​ർ​ത്ത​വ്യ​ദൃ​ക്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ളി​ലോ എ​ഴു​ത്തു​ക​ളി​ലോ പ​ര​മ​ത വി​ദ്വേ​ഷ​ത്തി​ന്റെ ഒ​രു പ​ദാ​വ​ലി​യും ക​ട​ന്നുവ​ന്നി​ട്ടി​ല്ല. “പ​ല മ​ത​സാ​ര​വും ഏ​കം” എ​ന്ന ഗു​രു​വ​ച​ന​ത്തി​ന് ഒ​രു ജീ​വി​തം​കൊ​ണ്ട് ഭാ​ഷ്യം ച​മ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത്. നാരായണ ഗുരുകുലം ശതാബ്ദി ആഘോഷത്തിൽ മുനി നാരായണ പ്രസാദ് സംസാരിക്കുന്നു ആ​ഴ​ങ്ങ​ളി​ൽ തെ​ളി​യു​ന്ന ക​ട​ൽ ഗു​രു മു​നി ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ഗു​രു​വാ​യി​രു​ന്നി​ല്ല. അ​റി​വ് തേ​ടി​വ​രു​ന്ന ശ്ര​ദ്ധാ​ലു​ക്ക​ൾ​ക്ക് അ​ദ്ദേ​ഹം ഗു​രു​വാ​യി മാ​റി. ശ​ബ്ദ​ത്തി​ന്റെ ലോ​ക​ത്ത് നി​ശ്ശ​ബ്ദ​നാ​യി അ​ദ്ദേ​ഹം ത​ന്റെ ജ്ഞാ​ന ക​ർ​മ​മാ​ർ​ഗ​ങ്ങ​ളെ പി​ന്തു​ട​ർ​ന്നു പോ​കു​ന്നു. ഏ​കാ​ന്ത​ത​യെ അ​ദ്ദേ​ഹം സം​ഗീ​തംപോ​ലെ ആ​സ്വ​ദി​ച്ച് സ​ർ​ഗാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ച്ചു. ത​ന്റെ ജീ​വി​ത ദ​ർ​ശ​ന​ത്തോ​ട് അ​ടി​യു​റ​ച്ച സ​ത്യ​സ​ന്ധ​ത​ പു​ല​ർ​ത്തു​ക​യും ധ​ർ​മ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹം ത​ന്റെ ജീ​വി​ത​മൂ​ല്യ​ങ്ങ​ളി​ൽ ഒ​രി​ക്ക​ലും വെ​ള്ളംചേ​ർ​ത്തി​ല്ല. എ​ന്താ​ണോ എ​ഴു​തി​യ​ത്, എ​ന്താ​ണോ പ​റ​ഞ്ഞ​ത്, അ​താ​ണ് അ​ദ്ദേ​ഹം ജീ​വി​ച്ചുതീ​ർ​ത്ത​തും. ക​ഠി​ന​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യും രൂ​പ​പ്പെ​ട്ട ഗു​രു മു​നി മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും വ്യ​ത്യ​സ്ത​നാ​യി​രു​ന്നു. ഔ​പ​ചാ​രി​ക​ത​ക്കുവേ​ണ്ടി​യു​ള്ള അ​ഭി​ന​യ​ങ്ങ​ളി​ൽ​നി​ന്നും എ​ന്നും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​നി​ന്നു. മു​ഖം​മൂ​ടി​ക​ൾ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന് ചേ​രു​ന്ന​താ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ ത​ത്ത്വ​ചി​ന്ത​യി​ൽ​നി​ന്നും ല​ഭി​ച്ച ന്യാ​യ​ദ​ർ​ശ​ന​ത്തി​ന്റെ ത​ർ​ക്ക​രീ​തി അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും സം​ഭാ​ഷ​ണ​ങ്ങ​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തു​കൊ​ണ്ടൊ​ക്കെ ത​ന്നെ പു​റ​ത്തു​നി​ന്ന് കാ​ണു​ന്ന പ​ല​ർ​ക്കും അ​ദ്ദേ​ഹം ഒ​രു ക​ർ​ക്ക​ശ​ക്കാ​ര​ൻ എ​ന്ന് തോ​ന്നാ​ൻ ഇ​ട​യാ​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം അ​ദ്ദേ​ഹം ഒ​രു​പാ​ട് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ആ​ഴ​ങ്ങ​ളി​ൽ തെ​ളി​യു​ന്ന ഒ​രു ക​ട​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​വു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​കാ​ത്ത ഗു​രു​ക്ക​ന്മാ​രാ​ണ് ആ​ഴ​ത്തി​ൽ മാ​റ്റം സൃ​ഷ്ടി​ക്കു​ന്ന​ത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് മുനി നാരായണ പ്രസാദ് ഉപഹാരം സ്വീകരിക്കുന്നു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം (ഫോട്ടോ: ബി.പി ദീപു) എ​ന്റെ പ്ര​കാ​ശ​ സൂ​ര്യ​ൻ സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ലേ അ​ദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു തു​ട​ങ്ങി​യ​താ​ണെ​ങ്കി​ലും കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​സ്കൃ​ത വേ​ദാ​ന്ത ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന വേ​ള​യി​ൽ, കാ​ല​ടി ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ലെ സ്വാ​മി ന​ന്ദാ​ത്മ​ജാ​ന​ന്ദ​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് സ്വാ​മി ത്യാ​ഗീ​ശ്വ​ര​നെ പ​രി​ച​യ​പ്പെ​ടാ​നും അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​നെ പ​രി​ച​യ​പ്പെ​ടാ​നും കാ​ര​ണ​മാ​യ​ത്. ഗു​രു മു​നി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് ഒ​രു സ​ന്ധ്യാ​സ​മ​യം വ​ർ​ക്ക​ല നാ​രാ​യ​ണ​ഗു​രു​കു​ല​ത്തി​ലെ പ​ഠ​ന ക്ലാ​സി​ൽവെ​ച്ചാ​ണ്. ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ ഗു​രു എ​ന്നെ സ്വീ​ക​രി​ക്കു​ക​യും ആ ​ക്ലാ​സി​ൽ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ ​ആ​ത്മ​ബ​ന്ധം വ​ർ​ധി​ച്ചു​വ​ന്നു. കാ​ണു​മ്പോ​ഴെ​ല്ലാം ശ​ര​മൂ​ർ​ച്ച​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​കൊ​ണ്ട് അ​ദ്ദേ​ഹം എ​ന്നെ വെ​ള്ളം കു​ടി​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ ക​ണ്ടു ഗു​രു​കു​ല​ത്തി​ൽ ബ്ര​ഹ്മ​ചാ​രി​യാ​യി ചേ​രാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. അ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: “ത​ന്നെ ഞാ​ൻ ഒ​രു​പാ​ട് ത​വ​ണ ഓ​ടി​ച്ചുവി​ട്ട​ത​ല്ലേ, എ​ന്നി​ട്ട് എ​ന്താ​ണ് പോ​കാ​ത്ത​ത്.” “അ​ത് ഗു​രു സ്നേ​ഹം​കൊ​ണ്ട് ചെ​യ്യു​ന്ന​താ​ണെ​ന്ന് എ​നി​ക്ക​റി​യാം” എ​ന്ന് ഞാ​നും മ​റു​പ​ടി ന​ൽ​കി. ഇ​തു​കേ​ട്ട് അ​ദ്ദേ​ഹം ഒ​ന്ന് ചി​രി​ച്ചു. അ​തോ​ടെ, ഞാ​ൻ ഗു​രു​കു​ല​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി ചേ​ർ​ന്നു. പ​ര​സ്യ​മാ​യി ശാ​സി​ക്കു​ക​യും ര​ഹ​സ്യ​മാ​യി സ്നേ​ഹി​ക്കു​ക​യും വാ​ത്സ​ല്യം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. “പ​ഠി​പ്പി​ച്ച് പ​ഠി​ക്ക​ണം, ഒ​ന്നും അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്ക​രു​ത്, അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്ക​ണം. പ​ഠി​ക്കേ​ണ്ട വ​ഴി ഞാ​ൻ പ​റ​ഞ്ഞു​ത​രാം. പ​ഠ​ന​കാ​ര്യ​ത്തി​ൽ ഒ​രി​ക്ക​ലും ഉ​ഴ​പ്പ് കാ​ണി​ക്ക​രു​ത്. എ​ന്തു പ്ര​വൃ​ത്തി ചെ​യ്യു​ന്ന​തും പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യിത​ന്നെ കാ​ണ​ണം. താ​ൻ ന​ന്നാ​യി സം​സാ​രി​ക്കു​ന്നു​ണ്ട്, എ​ഴു​തു​ന്നു​ണ്ട്. അ​തൊ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. പ്ര​യാ​സ​ങ്ങ​ൾ വ​രും പ​ക്ഷേ സ​ത്യ​ത്തി​ൽ എ​ന്നും ഉ​റ​ച്ചു​നി​ൽ​ക്ക​ണം. ജീ​വി​ത​ത്തോ​ട് എ​ന്നും സ​ത്യ​സ​ന്ധ​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം.” ഇ​താ​യി​രു​ന്നു ഗു​രു എ​നി​ക്ക് ത​ന്ന ഉ​പ​ദേ​ശം. ഇ​ന്നും എ​ന്നെ ന​യി​ക്കു​ന്ന​ത് ഗു​രു​വി​ന്റെ ഈ ​വാ​ക്കു​ക​ളാ​ണ്. പി​ന്നീ​ട് ഒ​രു ദി​വ​സം പ​ഠി​ക്കാ​നു​ള്ള മാ​ർ​ഗം ചോ​ദി​ച്ച എ​ന്നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത് പ​ശു​വി​നെ നോ​ക്കാ​നാ​ണ്. അ​ത് ഭം​ഗി​യാ​യി ചെ​യ്യു​ന്നു എ​ന്ന് ക​ണ്ട​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹം അ​റി​വ് പ​ക​ർ​ന്നു​ തു​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ശി​ക്ഷ​ണം കേ​വ​ലം വേ​ദാ​ന്ത​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങിനി​ൽ​ക്കു​ന്ന​ത​ല്ല. ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​യാം: ഒ​രു രാ​ത്രി കി​ട​ക്കാ​ൻ നേ​രം ഒ​രു ആ​പ്പി​ൾ എ​ടു​ത്ത് ത​ന്നി​ട്ട് അ​തൊ​ന്നു തൊ​ലി ചെ​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി പാ​ത്ര​ത്തി​ലി​ട്ട് കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ അ​തു​പോ​ലെ ഗു​രു​വി​ന് കൊ​ടു​ത്തു. പ​ക്ഷേ, അ​ത് നോ​ക്കി​യി​ട്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു, “ഇ​തി​ന്റെ ഉ​ള്ളി​ലെ കു​രു​ക്ക​ൾ ഉ​ള്ള ഭാ​ഗം ദ​ഹി​ക്കു​ന്ന​ത​ല്ല. ആ​പ്പി​ൾ മു​റി​ക്കു​മ്പോ​ൾ ആ ​ഭാ​ഗം നീ​ക്കം ചെ​യ്തുവേ​ണം എ​ല്ലാ​വ​ർ​ക്കും കൊ​ടു​ക്കാ​ൻ.” ഇ​ത് പ​റ​യു​മ്പോ​ൾ മു​ഖ​ത്തെ പു​ഞ്ചി​രി​ക്കും യാ​തൊ​രു കു​റ​വു​മി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ഗു​രു​വി​ന്റെ സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ ഒ​രു​പാ​ട് അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​പ്പം ഗു​രു​ശി​ഷ്യ പാ​ര​സ്പ​ര്യ​ത്തി​ന്റെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നുപോ​യി​ട്ടു​ണ്ട്. പ​ക്ഷേ, തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ അ​തെ​ല്ലാ​മാ​ണ് എ​ന്നെ ഞാ​ൻ ആ​ക്കി മാ​റ്റി​യ​ത് എ​ന്ന് കാ​ണാം. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും അ​ത് ച​ർ​ച്ച​ക​ളി​ലേ​ക്ക് ന​യി​ക്കു​ക​യും അ​ഭി​പ്രാ​യവ്യ​ത്യാ​സ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും എ​ന്നാ​ൽ, ഇ​വ​ക്കെ​ല്ലാം ശേ​ഷം ഒ​രു പു​ഞ്ചി​രി​യോ​ടു​കൂ​ടി ഇ​ത്ത​രം ച​ർ​ച്ച​ക​ൾ സ​മാ​പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു പ​ഠ​ന​ത്തി​ന്റെ പൊ​തു​വാ​യ രീ​തി. ആ​ശ​യ​പ​ര​മാ​യി വി​രു​ദ്ധ ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​രോ​ടും ഊ​ഷ്മ​ള​മാ​യ വ്യ​ക്തി​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​വാ​യി​രു​ന്നു എ​ങ്കി​ലും അ​വ​സാ​നം വ​രെ ഒ​രു വി​ദ്യാ​ർ​ഥികൂ​ടി​ആ​യി​രു​ന്നു. ഒ​രു ന​ല്ല വി​ദ്യാ​ർ​ഥി​ക്ക് മാ​ത്ര​മേ ഒ​രു ന​ല്ല ഗു​രു​വാ​കാ​ൻ ക​ഴി​യൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​യാ​തെ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. ഗു​രു​വി​ന്റെ എ​ല്ലാ പാ​ഠ​ങ്ങ​ളും സൗ​മ്യ​മാ​യി​രി​ക്കി​ല്ല, ചി​ല​പ്പോ​ൾ ക​ഠി​ന​മാ​യി​ത​ന്നെ പ​ല​തും പ​റ​ഞ്ഞു ക​ള​യും. പി​ന്നീ​ടാ​യി​രി​ക്കും അ​തി​ന്റെ അ​ർ​ഥം ന​മു​ക്ക് മ​ന​സ്സി​ലാ​വു​ക. ചി​ല​പ്പോ​ൾ ഗു​രു​വി​ൽ ഒ​രു സെ​ൻ ഗു​രു​വി​നെ ന​മു​ക്ക് കാ​ണാം. നാ​രാ​യ​ണ​ഗു​രു​വി​ന്റെ അ​നു​ക​മ്പ കാ​ണാം, ന​ട​രാ​ജ​ഗു​രു​വി​ന്റെ കാ​ർ​ക്ക​ശ്യ​വും, ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി​യു​ടെ ലാ​ളി​ത്യ​വും കാ​ണാം. ഇ​വ​യു​ടെ​യെ​ല്ലാം ഒ​രു സം​ഗ​മ​സ്ഥാ​ന​മാ​യി​രു​ന്നു ഗു​രു നാ​രാ​യ​ണ പ്ര​സാ​ദ്. അ​ദ്ദേ​ഹം യാ​ത്ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് തീ​വ​ണ്ടി​ക​ളാ​യി​രു​ന്നു. തീ​വ​ണ്ടി​ക​ളു​ടെ സ​മ​യം ഇ​തു​പോ​ലെ മ​ന​പ്പാ​ഠ​മാ​ക്കി​യ മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. ദി​വ​സ​ത്തി​ന്റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും അ​ദ്ദേ​ഹം ചെ​ല​വി​ട്ട​ത് വാ​യ​ന​ക്കും എ​ഴു​ത്തി​നും പ​ഠ​ന​ത്തി​നും മ​റ്റു​മാ​ണ്. ഇ​തി​നി​ട​യി​ൽ നി​ത്യേ​ന​യു​ള്ള ന​ട​ത്തം അ​ദ്ദേ​ഹം മു​ട​ക്കി​യി​ട്ടേ​യി​ല്ല. വാ​ർ​ധ​ക്യകാ​ല​ത്തു​പോ​ലും വ​സ്ത്ര​ങ്ങ​ൾ സ്വ​ന്ത​മാ​യി അ​ല​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ശീ​ലം. അ​വ​സാ​നം വ​രെ അ​ദ്ദേ​ഹം ഒ​രു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​റി​വി​ന്റെ ര​ഹ​സ്യ​വും. സ​ന്യാ​സ​ത്തി​ന് നാ​രാ​യ​ണ​ഗു​രു ന​ൽ​കു​ന്ന നി​ർ​വ​ച​നം “സ​ന്യാ​സി എ​ന്നാ​ൽ ത്യാ​ഗി, സ്വാ​ർ​ഥം വെ​ടി​ഞ്ഞ് മ​റ്റു​ള്ള​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ൻ” എ​ന്നാ​ണ്. അ​ങ്ങ​നെ നോ​ക്കി​യാ​ൽ ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ജീ​വി​തം സ​ന്യാ​സ​ത്തി​ന്റെ പൂ​ർ​ണ​ത​യാ​യി​രു​ന്നു. നാ​രാ​യ​ണ ഗു​രു​കു​ല പ്ര​സ്ഥാ​ന​ത്തി​ന്റെ​യും നാ​രാ​യ​ണ​ഗു​രു ദ​ർ​ശ​ന​ത്തി​ന്റെ​യും ച​രി​ത്ര​മെ​ഴു​തു​ന്ന ഏ​തൊ​രാ​ൾ​ക്കും ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​നെ വി​സ്മ​രി​ക്കു​ക അ​സാ​ധ്യ​മാ​ണ്. ഇ​നി​വ​രു​ന്ന ത​ല​മു​റ​ക്കാ​യി അ​ദ്ദേ​ഹം ചെ​യ്തു​വെ​ച്ച ക​രു​ത​ലു​ക​ൾ വി​ല​യി​രു​ത്തു​ന്ന കാ​ലം വ​രു​ന്ന​തേ​യു​ള്ളൂ. സ​ത്യാ​ന്വേ​ഷി​ക​ൾ​ക്ക് അ​ദ്ദേ​ഹം ഇ​രു​ളി​ൽ സ​ത്യ​ത്തി​ന്റെ പ്ര​കാ​ശ​ഗോ​പു​രം എ​ന്ന​പോ​ലെ വ​ഴി​കാ​ട്ടി​യാ​യി നി​ല​കൊ​ള്ളു​ന്നു. മ​ഹ​ത്താ​യ ആ ​ജീ​വി​ത​വും ദ​ർ​ശ​ന​വും ന​മു​ക്ക് വെ​ളി​ച്ച​മാ​ക​ട്ടെ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!