തിരൂർ: നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് മുസ്ലിം ലീഗ് കോട്ടയായ തിരൂരിൽ വിള്ളലുണ്ടായത്. 2006ലായിരുന്നു ലീഗിന്റെ പച്ചത്തുരുത്തിൽ സി.പി.എം അപ്രതീക്ഷിത വിജയം നേടിയത്. 2006ന് മുമ്പും ശേഷവും തങ്ങളുടെ കോട്ട ഭദ്രമാക്കി നിലനിർത്താൻ ലീഗിനും യു.ഡി.എഫിനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തവണ ഗ്ലാമർ പോരാട്ടത്തിനാണ് തിരൂർ സാക്ഷിയാകുന്നത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സി.പി.എം ചിഹ്നത്തിൽ എൽ.ഡി.എഫിനായും സിറ്റിങ് എം.എൽ.എയായ ലീഗിന്റെ കുറുക്കോളി മൊയ്തീൻ യു.ഡി.എഫിനായും കളത്തിലിറങ്ങുന്ന മണ്ഡലം കേരളത്തിൽ തന്നെ ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. താനൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥിത്വം ഉപേക്ഷിച്ച് ലീഗ് കോട്ടയായ തിരൂർ ചോദിച്ച് വാങ്ങിയ വി. അബ്ദുറഹ്മാൻ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഗ്ലാമർ പോരാട്ടത്തിലും തുടർച്ചയായ രണ്ടാം വിജയം ഉറപ്പിക്കാനുള്ള അവസാനവട്ട പ്രചരണത്തിലാണ് കുറുക്കോളി മൊയ്തീൻ. തിരൂർ നഗരസഭ, വെട്ടം, തലക്കാട്, കൽപകഞ്ചേരി, വളവന്നൂർ, തിരുനാവായ, ആതവനാട് എന്നിവയിൽ ഉജ്ജ്വല വിജയമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുറുക്കോളിയുടെ വിജയം. എന്നാൽ, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽനിന്ന് 50,330 വോട്ട് ഭൂരിപക്ഷം നേടാനായത് ലീഗിന്റെ ആത്മവിശ്വാസം വർധിപ്പിച്ചെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറിയാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വെൽഫെയർ പാർട്ടി യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കുമ്പോൾ എസ്.ഡി.പി.ഐ പിന്തുണ ഏത് മുന്നണികൾക്കാണ് എന്ന് ഇതുവരെ വ്യക്തമല്ല. സ്വതന്ത്രർ ഉൾപ്പെടെ 10 സ്ഥാനാർഥികളാണ് തിരൂരിൽ മത്സര രംഗത്തുള്ളത്. എൻ.ഡി.എക്കായി കെ. നാരായണനാണ് മത്സരിക്കുന്നത്. ലക്ഷ്യം വികസനകുതിപ്പ് -വി. അബ്ദുറഹ്മാൻ താനൂരിൽ വികസന പെരുമഴ തീർത്ത പോലെ തന്റെ സ്വന്തം നാടായ തിരൂരിലും വികസനം കൊണ്ടുവരുകയാണ് ലക്ഷ്യം. താനൂർ മാറിയത് പോലെ തിരൂരും മാറും. തിരൂർ മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. വികസനം തുടരും-കുറുക്കോളി മൊയ്തീൻ തിരൂരിൽ വികസന തുടർച്ചയാണ് ലക്ഷ്യം. എതിർ സ്ഥാനാർഥിയല്ല പ്രശ്നം എതിർ മുന്നണിയാണ്. 10 വർഷത്തെ ദുർഭരണത്തിന് അന്ത്യമായാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. വികസന കുതിപ്പിനാണ് താൻ വോട്ടഭ്യർഥിക്കുന്നത്.
