മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും റോഡ് ശൃംഖലകൾ പൂർണസജ്ജമായതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് അറിയിച്ചു. തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി വിപുലമായ അറ്റക്കുറ്റപ്പണികളും തയ്യാറെടുപ്പുകളുമാണ് അതോറിറ്റി പൂർത്തിയാക്കിയിരിക്കുന്നത്. ഹജ്ജ് സീസണിലുടനീളം സേവനമനുഷ്ഠിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ റോഡ് ശൃംഖലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലേക്ക് നയിക്കുന്ന എല്ലാ റോഡുകളും സർവേ ചെയ്തുകൊണ്ട് വളരെ നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ അതോറിറ്റി ആരംഭിച്ചിരുന്നു. റോഡ് നവീകരണത്തിെൻറ ഭാഗമായി 215,000 കിലോമീറ്റർ അസ്ഫാൽറ്റ് പ്രതലങ്ങളുടെ സർവേ നടത്തുകയും 3,500 കിലോമീറ്ററിലധികം റോഡുകൾ പുനർനിർമിക്കുകയും ചെയ്തു. യാത്രാസുരക്ഷ ഉറപ്പാക്കാൻ 202,000 ലീനിയർ മീറ്റർ മെറ്റൽ ഫെൻസിങ്ങും 191,000 ലീനിയർ മീറ്റർ കോൺക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. മേഖലയിലെ 40 പാലങ്ങൾ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയതിനൊപ്പം 178,000 ലൈറ്റിങ് തൂണുകൾ അറ്റക്കുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കി. കൂടാതെ 4,000 ദിശാസൂചന-മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും 5.6 കോടി ക്യുബിക് മീറ്റർ മണൽക്കൂനകൾ നീക്കം ചെയ്ത് പാതകൾ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 613,000 ലീനിയർ മീറ്റർ റോഡ് മാർക്കിങ്ങുകളും 96,000 ചതുരശ്ര മീറ്റർ റോഡ് സ്റ്റഡുകളും സ്ഥാപിച്ചതോടെ റോഡുകൾ കൂടുതൽ ഗതാഗതയോഗ്യമായി. ഇരുപതിലധികം നൂതന സാങ്കേതികവിദ്യകളാണ് റോഡ് സജ്ജമാക്കുന്നതിനായി അതോറിറ്റി ഉപയോഗിച്ചിരിക്കുന്നത്. നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നൂതന സർവേ സംവിധാനങ്ങൾ ഇതിൽ പ്രധാനമാണ്. സേവന നിലവാരം ഉറപ്പാക്കാനും തീർഥാടകരുടെ ഫീഡ്ബാക്ക് സ്വീകരിക്കാനുമായി 938 എന്ന നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻറർ സജീവമാക്കിയിട്ടുണ്ട്. സുരക്ഷാ നിരീക്ഷണത്തിനായി 300 ഇൻസ്പെക്ടർമാരടങ്ങുന്ന സംഘത്തെയും നിയോഗിച്ചു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിൽ ജി20 രാജ്യങ്ങളിൽ നാലാം സ്ഥാനവും, റോഡ് കണക്റ്റിവിറ്റി സൂചികയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനവും സൗദി അറേബ്യ കൈവരിച്ചിട്ടുണ്ട്. വൈബ്രേഷൻ മുന്നറിയിപ്പ് സാങ്കേതികവിദ്യയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം, ഈ മികവുകളെല്ലാം ഉപയോഗപ്പെടുത്തി തീർഥാടകർക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

തീർഥാടകരെ സ്വീകരിക്കാൻ പുണ്യസ്ഥലങ്ങൾ സജ്ജം; റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി സൗദി റോഡ് അതോറിറ്റി
M
MadhyamamSource Link
23 days ago