തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കാണാതായ ഗിരീഷിന്‍റെ അമ്മ ഗൗരി(74) മരിച്ചു. പക്ഷാഘാതത്തെതുടർന്ന് ചികിത്സയിലായിരുന്നു. അപകടം നടക്കുന്ന തലേദിവസമാണ് ഗൗരി ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഇന്ന് പുലർച്ചെയാണ് അവർ മരണത്തിന് കീഴടങ്ങിയത്. മകന്‍റെ തിരോധാനത്തെക്കുറിച്ചുള്ള ആധി അമ്മക്കുണ്ടായിരുന്നെന്നാണ് വിവരം. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. അപകടത്തിൽ കാണാതായ ഗിരീഷിനായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ഡി.എന്‍.എ പരിശോധ നടത്തിയ ശരീരഭാഗങ്ങൾ ഒന്നും തന്നെ ഗിരിയുടേതുമായി സാമ്യമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയാണ് തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിൽ അപകടം സംഭവിച്ചത്. അപകടത്തിൽ 15 പേരാണ് മരിച്ചത്. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി തയാറാക്കിവെച്ച അമിട്ടുകളും ഗുണ്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികളാണ് സ്ഫോടനത്തിൽ കത്തിയത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു വീണു. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിന്റെ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലത്ത് അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തി.

തൃശൂർ വെടിക്കെട്ടപകടത്തിൽ കാണാതായ ഗിരീഷിന്‍റെ അമ്മ മരിച്ചു
M
MadhyamamSource Link
17 days ago