തൃശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, നാലുപേരെ കാണാനില്ല

തൃശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, നാലുപേരെ കാണാനില്ല

തൃശൂർ: ചൊവ്വാഴ്ച തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. പട്ടാമ്പി മുതുതല കോഴിക്കോട്ടീരി കുളിക്കാൻപറമ്പിൽ പ്രവീണാണ് (45) ചികിത്സയിലിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ദുരന്തത്തിൽ നാലു പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 90 ശതമാനം പൊള്ളലേറ്റ പ്രവീൺ ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവിൽ തുടരവേയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രവമുണ്ടായിരുന്നു. ഇതിനിടെ, പാലക്കാട് മുതലമടയിലുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമാണ ശാലക്ക് റവന്യൂവകുപ്പ് സ്റ്റോപ് മെമ്മോ നൽകി. സ്ഫോടനത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ബുധനാഴ്ച പുലർച്ചെതന്നെ പുനരാരംഭിച്ചു. മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ കെഡാവർ നായ്ക്കളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിൽ രണ്ടു ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മായ, മർഫി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്. ദുരന്തത്തിൽ 10 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഒമ്പത് പേരുടെ മൃതദേഹങ്ങൾ ലഭിച്ചതിൽ എട്ടുപേരെ തിരിച്ചറിഞ്ഞതായും അവ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അധികൃതർ അറിയിച്ചു. പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖന്റെ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമന്റെ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയന്റെ മകൻ സുവിൻ (39), മലപ്പുറം ആലങ്കോട് പള്ളിയാലിൽ പറമ്പിൽ മുണ്ടന്റെ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലത്തിന്റെ മകൻ മണികണ്ഠൻ, എടപ്പാൾ ചോങ്ങലത്തേൽ വീട്ടിൽ സി. വിജയൻ (60), ചേർപ്പ് ചിറക്കൽ ബിജീഷ് (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരു ഭാഗിക മൃതദേഹവും ശരീരാവശിഷ്ടങ്ങളും ഇതുവരെ തരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുന്നുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി കാണാതായവരുടെ ബന്ധുക്കളുടെ ശരീര സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനക്കയച്ചു. വെടിക്കെട്ട് കരാർ ഉടമ മുണ്ടത്തിക്കോട് സതീശൻ 85 ശതമാനത്തിലധികം പൊള്ളലുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മറ്റു മൂന്നുപേരും ഗുരുതരാവസ്ഥയിൽ തുടരുന്നു. സതീഷ് (46), ബാബു (56), രാജേഷ് (40), വിഷ്ണു (30) എന്നിവർ ഐ.സി.യുവിലും ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65) എന്നിവർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്. വിൽ‌സൺ (60) എലൈറ്റ് ആശുപത്രിയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സുഭദ്ര(68), സുന്ദരൻ(46) എന്നിവരെയും എലൈറ്റ് ആശുപത്രിയിൽനിന്ന് സാജനെ (38)യും ഡിസ്ചാർജ് ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മര… | Boolokam