Posted On date_range 5 April 2026 7:45 AM IST Updated On date_range 5 April 2026 7:50 AM IST തെക്കൻ തല്ല് ഇടതിൽ ഇളക്കം; യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസത്തിന് കാരണങ്ങൾ നിരവധി... text_fields bookmark_border തിരുവനന്തപുരം: ഭരണത്തുടർച്ചക്കായുള്ള ഇടതുമുന്നേറ്റത്തിന് കഴിഞ്ഞവട്ടം ഉറച്ച പടിക്കെട്ടുകളായി നിലകൊണ്ട തെക്കൻ ജില്ലകളിൽ ഇക്കുറി കാറും കോളുമാണ്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കൊല്ലവും ആലപ്പുഴയും പിന്നിട്ട് കോട്ടയം വഴി പത്തനംതിട്ടയിലേക്ക് പടർന്ന ചുവപ്പിന്റെ പ്രവാഹത്തിന് ഇളക്കം തട്ടുമെന്ന പ്രത്യക്ഷ സൂചനകളാണ് തീരത്തും മലയോരത്തും വീശുന്ന മണ്ഡലക്കാറ്റിൽ മറഞ്ഞിരിക്കുന്നത്. ഈ അഞ്ച് ജില്ലകളിലായി ആകെയുള്ള 48 സീറ്റിൽ കഴിഞ്ഞ വട്ടം 40 ഉം ഇടതുമുന്നണിക്കൊപ്പമായിരുന്നു. അന്ന് എട്ടിൽ പരിമിതപ്പെട്ട യു.ഡി.എഫ് ഇക്കുറി അവസാന ലാപ്പിലെ കണക്കുകളിൽ 20 മുതൽ 23 വരെ സീറ്റുകളിൽ മേൽകൈ സ്വന്തമാക്കിയിട്ടുണ്ട്. തദ്ദേശ ജനവിധിക്കും ഭരണവിരുദ്ധ വികാരത്തിനും പുറമേ ആളിക്കത്തുന്ന ശബരിമല സ്വർണ്ണക്കൊള്ളയും സി.പി.എമ്മിന്റെ ആഭ്യന്തര പ്രതിസന്ധികളിലേക്ക് വിരൽചൂണ്ടുന്ന അമ്പലപ്പുഴയിലെ ജി.സുധാകരന്റെ സ്ഥാനാർഥിത്വവുമടക്കം യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസത്തിന് കാരണങ്ങൾ നിരവധി. അതേസമയം സീറ്റുകളിൽ മാറ്റങ്ങളുണ്ടാകാമെങ്കിലും തെക്കൻ കോട്ടകളിലെ ‘പിടുത്തം വിടില്ലെ’ന്നതാണ് ഇടത് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം തന്നെയാണ് ഇതിന് ഇടതുമുന്നണിക്കുള്ള ന്യായവും കാരണവും. ഉലിച്ചിലുണ്ടാകും, പക്ഷേ അടിത്തറ കുത്തിയൊലിക്കില്ല എന്നതാണ് സാഹചര്യം. അതേസമയം തെക്കൻ കേരളത്തിന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിന്റെ തന്നെ ഭാവി തീരുമാനിക്കുമെന്നതിനാൽ ഇടതുമുന്നണി ആശ്വാസം കൊള്ളുന്ന കേവലമായ ‘പിടിത്തം’ കൊണ്ട് ഭരണം പിടിക്കാനാകുമോ എന്നത് അവ്യക്തം. കൊല്ലത്തെ ആകെയുള്ള 11 മണ്ഡലങ്ങളിൽ കഴിഞ്ഞവട്ടം കുണ്ടറയിലും കരുനാഗപ്പളളിയിലും മാത്രമായി പരിമിതപ്പെട്ടതിന്റെ പരിക്ക് തീർക്കാനിറങ്ങുന്ന യു.ഡി.എഫിന് പത്തനാപുരവും കൊല്ലവും ചവറയുമടക്കം അഞ്ച് മുതൽ ആറ് വരെ സീറ്റുകളിൽ ഉറച്ച പ്രതീക്ഷയുണ്ട്. കൊട്ടാരക്കരയിലും കുന്നത്തൂരിലും ഇരവിപുരത്തും കടുത്ത മത്സരവും. മൂന്ന് മന്ത്രിമാരടക്കം ഇടതുമുന്നണിയുടെ ആറ് സിറ്റിങ് എം.എൽ.എമാർ ജനവിധി തേടുന്ന ഇവിടെ സി.പി.എമ്മും നിലനിൽപിനായുള്ള പോരിലാണ്. കോട്ടയത്ത് പരാജയം മരണമായി കണക്കാക്കുന്ന ഇരു മുന്നണികൾക്കും അഭിമാനപ്പോരാട്ടമാണ്. നിലവിൽ എൽ.ഡി.എഫ് അഞ്ചും യു.ഡി.എഫും നാലും സീറ്റുകൾ കൈയ്യാളുന്ന ഇവിടെ ഒപ്പത്തിനൊപ്പമാണ് മത്സരം. മണ്ഡലങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിയാലും അന്തിമഫലത്തിൽ ‘അഞ്ച്-നാല്’, അല്ലെങ്കിൽ ‘നാല്-അഞ്ച്’ എന്നിങ്ങനെ നേരിയ വ്യത്യാസത്തിലാകും ഫിനിഷിങ്. വൈക്കത്തും ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും ഇടതുമുന്നണി വലിയ പ്രതീക്ഷ പുലർത്തുന്നു. ഏറ്റുമാനൂരിൽ കടുത്ത മത്സരം. കോട്ടയവും കടുത്തുരുത്തിയിലും പുതുപ്പള്ളിയിലും പാലായിലുമാണ് യു.ഡി.എഫ് പ്രതീക്ഷകൾ. പാലായിൽ ജോസ് കെ.മാണിക്കുള്ള ജനവിധി കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ അതിജീവനത്തിന്റെ വിധിയെഴുത്തുകൂടിയാകും. ഒൻപത് സീറ്റുള്ള ആലപ്പുഴയിൽ ഇടതുമുന്നണിക്ക് കാര്യമായ പരിക്കേൽക്കില്ലെന്നതാണ് അവസാന ചിത്രം. നിലവിൽ ഹരിപ്പാടൊഴികെ എട്ടിടത്തും ഇടതുമുന്നണിയാണ് കൈയ്യാളുന്നതെങ്കിൽ ഇത് അഞ്ചായി ചുരുക്കാൻ കാര്യമായി വിയർപ്പൊഴുക്കുകയാണ് യു.ഡി.എഫ്. ജി.സുധാകരൻ ജനവിധി തേടുന്ന അമ്പലപ്പുഴയിലും അരൂരിലും കുട്ടനാട്ടിലും കായംകുളത്തുമെല്ലാം കടുത്ത മത്സരം. ഹരിപ്പാട് ഏറെ കുറെ ഉറപ്പിച്ച മട്ടിലും. പത്തനംതിട്ടയിൽ പക്ഷേ കാര്യങ്ങൾ നേരെ തിരിച്ചാണ്. അഞ്ചിൽ നാലും നേടുമെന്നതാണ് യു.ഡി.എഫ് ആത്മവിശ്വാസം. തരംഗമെങ്കിൽ തിരുവല്ലയും ഒപ്പം കൂടുമെന്ന് യു.ഡി.എഫ് കരുതുന്നു. ആറൻമുളയിൽ മന്ത്രി വീണ ജോർജ്ജിന്റെ സ്ഥാനാർഥിത്വം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെ മാറ്റുരക്കൽ കൂടിയാണ്. കഴിഞ്ഞവട്ടം അഞ്ച് സീറ്റുകളുമായി കേരള കോൺഗ്രസിനൊപ്പം മറുചേരിയിലേക്ക് കൂറുമാറിയ ജില്ലയിൽ ‘ഇടതുപപ്പച്ച്’ നിലനിർത്താനാണ് സി.പി.എം വിയർപ്പൊഴുക്കുന്നത്. 14 സീറ്റുള്ള തലസ്ഥാന ജില്ലയിൽ നിലവിലുളള കോവളത്തിന് പുറമേ വർക്കല, അരുവിക്കര, കാട്ടാക്കട, വട്ടിയൂർകാവടക്കം നേർ പകുതിയെങ്കിലും ഒപ്പം കൂട്ടുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ. 2001 ൽ എം.വി രാഘവന് ശേഷം സി.എം.പിയുടെ നിയമസഭ പ്രാതിനിധ്യത്തിന് പേരാടുന്ന സി.പി. ജോൺ ( തിരുവനന്തപുരം) വലിയ പ്രതീക്ഷയിലാണ്. വാമനപുരത്തും ചിറയിൻകീഴും കടുത്ത പോരും. ബി.ജെ.പി സ്വപ്നം കാണുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ത്രികോണപ്പോര് ത്രില്ലർ മൂഡിൽ പ്രവചനാതീതവും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Disturbance in the southern hemisphere

തെക്കൻ തല്ല് ഇടതിൽ ഇളക്കം; യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസത്തിന് കാരണങ്ങൾ നിരവധി...
M
MadhyamamSource Link
about 1 month ago