ന്യൂഡൽഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എം.പിമാരെല്ലാം പ്രചാരണത്തിരക്കിലേക്ക് കടന്നതിനാൽ സമരങ്ങളില്ലാതെ പാർലമെന്റ് ശാന്തം. രാജ്യം നേരിടുന്ന എൽ.പി.ജി ക്ഷാമം അടക്കമുള്ള വിഷയങ്ങളിൽ പ്രക്ഷുബ്ധമായ ലോക്സഭയിൽ തിങ്കളാഴ്ച പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. സഭ തുടങ്ങുമ്പോൾ പ്രതിപക്ഷ ഇരിപ്പിടങ്ങളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്. സഭ ആരംഭിച്ച ഉടൻ കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ്, ഷാഫി പറമ്പിൽ എന്നിവർ ബഹളം വെച്ചെങ്കിലും ശൂന്യവേളയിൽ സംസാരിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെ പിന്മാറി. പ്രതിപക്ഷത്തിന് കൂടുതൽ സീറ്റുകൾ സമ്മാനിച്ച കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് പ്രതിപക്ഷ ഇരിപ്പിടം ശൂന്യമാകാൻ കാരണമായത്. ശൂന്യവേളയിൽ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം കെ.സി. വേണുഗോപാൽ ഉന്നയിച്ചു. അതേസമയം, രാജ്യസഭയിൽ ശൂന്യവേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ്, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് തുടങ്ങിയവർ എൽ.പി.ജി ക്ഷാമം ഉന്നയിച്ച് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. നോട്ട് നിരോധന സമയത്തും കോവിഡ് കാലത്തും വരിയിൽ നിൽക്കാൻ പ്രേരിപ്പിച്ച സർക്കാർ ഇപ്പോൾ ഗ്യാസിനായി ജനങ്ങളെ വരിനിർത്തുകയാണെന്ന് ബി.ജെ.ഡി അംഗം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർലമെന്റ് ശാന്തം: ലോക്സഭയിൽ തിങ്കളാഴ്ച പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല
M
MadhyamamSource Link
about 2 months ago