ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പരിശോധനയിൽ ഇതുവരെ 650 കോടിയിലധികം രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. കർശനമായ പരിശോധനകൾക്കിടയിൽ പണം, മദ്യം, മയക്കുമരുന്ന്, സ്വർണം തുടങ്ങിയവയാണ് എൻഫോഴ്സ്മെന്റ് ഏജൻസികൾ കണ്ടെടുത്തത്. ഇതുവരെ മൊത്തം 651.51 കോടി രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തതെന്ന് കമീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ വരുന്ന 319 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തത് പശ്ചിമ ബംഗാളിൽനിന്നാണെന്ന് കമീഷൻ വ്യക്തമാക്കി. കേരളത്തിൽനിന്ന് ഇതുവരെ പിടികൂടിയത് 58 കോടി രൂപയുടെ വസ്തുവകകളാണ്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റർ മദ്യം, 41 കോടി രൂപ വരുന്ന മയക്കുമരുന്ന്, ഒരു കോടി രൂപയോളം വരുന്ന അമൂല്യ ലോഹങ്ങൾ, സൗജന്യ വിതരണത്തിനായി കടത്തിയ അഞ്ചു കോടി രൂപയുടെ വസ്തുക്കൾ എന്നിവയാണ് കേരളത്തിലെ പിടികൂടിയവയുടെ കണക്ക്. തമിഴ്‌നാട്- 170 കോടി രൂപ, അസം -97 കോടി രൂപ, കേരളം -58 കോടി രൂപ, പുതുച്ചേരി -7 കോടി രൂപ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇടങ്ങളിൽനിന്ന് ഇതുവരെ കണ്ടെത്തിയതെന്ന് കമീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 230 കോടി രൂപ മയക്കുമരുന്ന്, 79.3 കോടി രൂപ വരുന്ന മദ്യം (29.63 ലക്ഷം ലിറ്റർ), 58 കോടി രൂപ വിലമതിക്കുന്ന സ്വർണം അടക്കമുള്ള ലോഹങ്ങൾ, രേഖകളില്ലാത്ത 53.2 കോടി രൂപ, സൗജന്യങ്ങൾക്കായി എത്തിച്ച 231.01 കോടിയുടെ വസ്തുക്കൾ എന്നിവയാണ് നാല് സംസ്ഥാനങ്ങളിൽനിന്നും ഒരു കേന്ദ്ര ഭരണപ്രദേശത്തുനിന്നുമായി ആകെ കണക്കുകൾ. മാർച്ച് 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളിലുമാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പ്; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് ഇതുവരെ കമീഷൻ പിടികൂടിയത് 650 കോടിയുടെ അനധികൃത വസ്തുവകകൾ
M
MadhyamamSource Link
about 1 month ago