‘‘നിങ്ങളുടെ അപ്പനപ്പൂപ്പൻമാരാണ് ഈ തേയിലത്തോട്ടങ്ങൾ നട്ടുവളർത്തിത്, അസമിന്റെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തിയത് അവരാണ്‘‘- അസമിലെ ടിൻസുകിയ ജില്ലയിലെ തിങ്ഖോങ് മണ്ഡലത്തിൽ വന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇങ്ങിനെ പ്രസംഗിച്ചത് വെറുതെയല്ല. ഇവിടെ ആദിവാസികൾക്ക് ഭൂരിപക്ഷമുള്ള 21മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി അപ്രതീക്ഷിതമായൊരു പോരാട്ടം കുറിക്കുകയാണ് സോറൻ നേതൃത്വം നൽകുന്ന ഝാർഖണ്ഡ് മുക്തിമോർച്ച.ഝാർഖണ്ഡിലെ സഖ്യകക്ഷിയായ കോൺഗ്രസിനെപ്പോലും കൈവെടിഞ്ഞ് തനിച്ചാണ് മത്സരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാരാണ് ഛോട്ടാ നാഗ്പൂർ മേഖലയിൽ നിന്ന് ആദിവാസികളെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യിക്കുന്നതിനായി അസമിലെത്തിച്ചത്. ഇവരാണ് അസമിലെ തേയില ഗോത്രക്കാർ' (Tea Tribes) എന്നറിയപ്പെടുന്നത്. സംസ്ഥാനത്തെ 3.11 കോടി ജനസംഖ്യയിൽ ഏകദേശം 35 ലക്ഷം വരുന്ന ഇവർക്ക് 40-42 സീറ്റുകളിൽ നിർണായക സ്വാധീനമുണ്ട്. തോട്ടം തൊഴിലാളികളുടെ മുൻഗാമികളെക്കുറിച്ചും അവർ നാടിന് നൽകിയ സംഭാവനകളെക്കുറിച്ചുമുള്ള സോറന്റെ പരാമർശങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ആവേശം സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗം, 2014-ന് ശേഷം ബി.ജെ.പിയിലേക്ക് ചായുകയായിരുന്നു.ഈ വോട്ട് ബാങ്ക് നിലനിർത്താൻ ബി.ജെ.പി സർക്കാർ നടത്തുന്ന വലിയ തന്ത്രങ്ങളെ മറികടന്ന് ജെ.എം.എമ്മിന് സ്വാധീനമുണ്ടാക്കാൻ സാധിക്കുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. സ്വകാര്യ തോട്ടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി 2025 നവംബറിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെ 3.33 ലക്ഷം കുടുംബങ്ങൾക്ക് ഭൂമിക്ക് അർഹത ലഭിച്ചു. സ്ത്രീകൾക്ക് 5,000 രൂപ ഒറ്റത്തവണ സഹായവും, ‘അരുണോദോയ്’ പദ്ധതിയിലൂടെ പ്രതിമാസം 1,250 രൂപയും നൽകുന്നുണ്ട്. എന്നാൽ, തേയില ഗോത്രവിഭാഗങ്ങൾക്ക് പട്ടികവർഗ പദവി നൽകുമെന്ന വാഗ്ദാനം പാലിക്കാത്തത് ആയുധമാക്കിയാണ് സോറനും സംഘവും പ്രചാരണം കൊഴുപ്പിക്കുന്നത്.

തേയില ഗോത്ര വോട്ടുകളിൽ കണ്ണുവെച്ച് ജെ.എം.എമ്മിന്റെ വരവ്
M
MadhyamamSource Link
about 1 month ago