കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആസ്ഥാനത്തിന് പുറത്തെ തൊഴിലാളികളുടെ ഒത്തുചേരലിനെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിച്ചു. മനുഷ്യക്കടത്തിനും തൊഴിൽ ലംഘനങ്ങൾക്കും സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് നടപടി. കേസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കൈമാറി. തൊഴിലാളികളെ നിയുക്ത ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും, ആവശ്യമായ പരിചരണവും സംരക്ഷണവും നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഒത്തുചേരലിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി വിവരങ്ങളും ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഒന്നിലധികം തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി മേഖലയിലെ തൊഴിൽ ചൂഷണത്തെക്കുറിച്ചുള്ള സംശയങ്ങളും, മനുഷ്യക്കടത്ത് അല്ലെങ്കിൽ നിർബന്ധിത തൊഴിൽ സാധ്യതയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
