തെഹ്റാൻ: ഇസ്രായേൽ വധിച്ചെന്ന് അവകാശപ്പെടുന്ന ഇറാൻ റവലൂഷനറി ഗാർഡ്സ് നാവിക സേന തലവൻ അലിറിസ തൻക്സീരി അറിയപ്പെടുന്നത് ഇറാൻ നാവിക സേനയെ രൂപപ്പെടുത്തിയ ബുദ്ധികേന്ദ്രമായി. നാവിക സേനയുടെ ശേഷി ഉയർത്തുന്നതിനും മേഖലയിൽ ഇറാൻ നാവികസേനയെ കരുത്തുറ്റ ഒന്നാക്കി മുന്നിൽനിർത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. നാവിക ആവശ്യങ്ങൾക്ക് ഡ്രോണുകൾ വികസിപ്പിച്ചതും തൻക്സീരിയാണ്. ബന്ദർ അബ്ബാസ് പട്ടണത്തിൽ ഹുർമുസ് കടലിടുക്ക് അടക്കുന്നതുമായി ബന്ധപ്പെട്ട ഇറാൻ സർക്കാർ നടപടികൾക്ക് മേൽനോട്ടം വഹിച്ചാണ് തൻക്സീരി അവിടെ തമ്പടിച്ചിരുന്നതെന്നാണ് സൂചന. മുതിർന്ന നാവിക ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഹുർമുസ് കടന്നുപോകുന്ന കപ്പലുകളെ കുറിച്ച വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ആയത്തുല്ല അലി ഖാംനഈ നിയമിച്ച വിശ്വസ്തനായ തൻക്സീരി ഇറാൻ ഭരണകൂടം ഏറെ ആശ്രയിച്ച മുൻനിര ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷാദ്യവും വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതായിരുന്നു അദ്ദേഹം.വെടിനിർത്തലിന് അമേരിക്ക ശ്രമം ശക്തമാക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങൾക്കിടെ ഒരു പ്രമുഖൻ കൂടി കൊല്ലപ്പെടുന്നത് ഇറാന് ക്ഷീണമുണ്ടാക്കുമെങ്കിലും മറികടക്കാവുന്ന ശക്തമായ ഭരണസംവിധാനം ഇപ്പോഴും രാജ്യത്തിനുണ്ട്.

തൻക്സീരി: ഇറാൻ നാവിക സേനയുടെ കരുത്ത്; വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടത് രണ്ടുതവണ
M
MadhyamamSource Link
about 1 month ago