തബൂക്ക്: ഐക്യത്തിെൻറയും സൗഹൃദത്തിെൻറയും സന്ദേശമുയർത്തി തനിമ തബൂക്ക് സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവാസി സമൂഹത്തിെൻറ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തബൂക്കിലെ വിവിധ പ്രവാസി സംഘടനകളുടെയും ക്ലബ്ബുകളുടെയും പ്രതിനിധികൾ ഒത്തുചേർന്ന സംഗമം, പ്രദേശത്തെ പ്രവാസി സമൂഹത്തിനിടയിലുള്ള സഹവർത്തിത്വത്തിെൻറയും യോജിപ്പിെൻറയും വിളംബരമായി മാറി. തനിമ തബൂക്ക് സോണൽ പ്രസിഡൻറ് സിറാജ് എറണാകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അസ്ലഹ് കക്കോടി റമദാൻ സന്ദേശം നൽകി. അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), മൗലവി ഫൈസൽ മദനീ, ജാഫർ ഖാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ തെക്കൻ (മാസ്), സമദ് അഞ്ചിലങ്ങാടി (കെ.എം.സി.സി), നൗഷാദ് (ഒ.ഐ.സി.സി), ഉണ്ണി മുണ്ടുപറമ്പ് (സി.സി.ഡബ്ല്യൂ.എ), ഷാജഹാൻ കൊല്ലം (ഓച്ചിറ കലാകേന്ദ്ര) എന്നിവർ ആശംസകൾ നേർന്നു. തബൂക്കിലെ വിവിധ കൂട്ടായ്മകൾക്കിടയിൽ നിലനിൽക്കുന്ന മാതൃകാപരമായ സൗഹൃദവും സഹകരണവും ഏറെ പ്രശംസനീയമാണെന്നും, പൊതുനന്മയ്ക്കായി ഇത്തരം ബന്ധങ്ങൾ എല്ലാ സാഹചര്യങ്ങളിലും നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജലീൽ കുന്നകാവ്, അഫ്നാൻ കുനിയിൽ, അലി പൊന്നാനി, ബഷീർ കുന്നക്കാവ്, നൗഷാദ് എടവിലങ്ങ്, ശിഹാബ് ആലപ്പുഴ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
