തിരുവനന്തപുരം: അധികാരക്കസേരക്ക് ബലംനൽകാൻ കഴിഞ്ഞവട്ടം 14ൽ 13 മണ്ഡലങ്ങളും കണ്ണുമടച്ച് ഇടതുമുന്നണിക്ക് നൽകിയ തലസ്ഥാനത്തിന് ഇക്കുറി സമ്മിശ്ര മനസ്സാണ്. ജില്ലയിലെ ഇടതാധിപത്യത്തിൽ വിള്ളലുകളുണ്ടാക്കാനും എട്ടിലേറെ സീറ്റുകളിൽ ഒപ്പത്തിനൊപ്പമോ അതിനപ്പുറമോ എത്താൻ യു.ഡി.എഫിന് കഴിഞ്ഞതാണ് അവസാന മണിക്കൂറുകളിലെ കാഴ്ച. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, കഴക്കൂട്ടം, നേമം, വർക്കല, വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് എൽ.ഡി.എഫ് നേരിടുന്നത്. അതേസമയം, തലസ്ഥാന ജനത കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. 2021ലെ ഇടതുതരംഗത്തിൽ കോവളം മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. ഇക്കുറി സർക്കാർ വിരുദ്ധ തരംഗം കൊടുങ്കാറ്റാകുമെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, വർക്കല, കാട്ടാക്കട എന്നിവിടങ്ങളിൽ വിജയം ഉറപ്പിച്ച മട്ടാണ്. ചിറയിൻകീഴ്, വാമനപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ കാര്യമായ പ്രതീക്ഷയും അവർ വെച്ചുപുലർത്തുന്നു. നേമത്ത് കെ.എസ്. ശബരീനാഥന്റെ സാന്നിധ്യത്തിലൂടെ ശക്തമായ ത്രികോണമത്സരത്തിന് വേദിയൊരുക്കാനായത് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. പ്രവീണിനെ തിരുവനന്തപുരവുമായി അതിർത്തി പങ്കിടുന്ന വിളവങ്കോട് സ്ഥാനാർഥിയാക്കിയത് സഭക്ക് വലിയ സ്വാധീനമുള്ള നെയ്യാറ്റിൻകര, പാറശ്ശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ബി.ജെ.പിയും ചില മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യവും അവകാശവാദവുമായി രംഗത്തുണ്ട്. കേന്ദ്രമന്ത്രി എസ്.ജയശങ്കർ തന്റെ പേര് പറയാത്തതിൽ പ്രതിഷേധിച്ച് വട്ടിയൂർകാവിൽ ബി.ജെ.പി സ്ഥാനാർഥി ആർ.ശ്രീലേഖ വേദിയിൽ നിന്നിറങ്ങിയതാണ് ബി.ജെ.പി ക്യാമ്പിൽ അവസാനലാപ്പിലുണ്ടായ കല്ലുകടിക്കാഴ്ച.

തലസ്ഥാന ജനത കൈവിടില്ലെന്ന് എൽ.ഡി.എഫ്; എട്ടിലേറെ സീറ്റുകളിൽ മേൽക്കൈയെന്ന് യു.ഡി.എഫ്
M
MadhyamamSource Link
about 1 month ago