ദാവണഗെരെ ഉപതെരഞ്ഞെടുപ്പ്; മുസ്‌ലിം നേതാക്കളെ അനുനയിപ്പിക്കും -മുഖ്യമന്ത്രി

ദാവണഗെരെ ഉപതെരഞ്ഞെടുപ്പ്; മുസ്‌ലിം നേതാക്കളെ അനുനയിപ്പിക്കും -മുഖ്യമന്ത്രി

M
MadhyamamSource Link
ബംഗളൂരു: ദാവണഗെരെ സൗത്ത് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം സമുദായത്തിന് പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥരായ ന്യൂനപക്ഷ വിഭാഗത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തിങ്കളാഴ്ച ദാവണഗെരെ ഹെലിപാഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ മുസ്‌ലിം നേതാക്കൾക്ക് സർക്കാറിൽ പ്രാതിനിധ്യം നൽകും. കോൺഗ്രസ് സ്ഥാനാർഥി സമർഥ് ഷാമനുർ ദാവണഗരെ സൗത്ത് സീറ്റിൽ വിജയിക്കും. മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈയുടെയും എച്ച്‌.ഡി കുമാരസ്വാമിയുടെയും മക്കളെ കോൺഗ്രസ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയെന്ന് അനുസ്മരിച്ച സിദ്ധരാമയ്യ, ഈ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും കോൺഗ്രസിനൊപ്പമാണ്. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കർണാടകയിലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചനയായിരിക്കും ഉപതെരഞ്ഞെടുപ്പെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി തോൽക്കുമെന്ന് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയോടൊപ്പം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഉണ്ടായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സമർഥിനൊപ്പം പോകാനാണ് ഇരുവരും ബംഗളൂരുവിൽ നിന്ന് ദാവണഗെരെയിൽ എത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദാവണഗെരെ ഉപതെരഞ്ഞെടുപ്പ്; മുസ്‌ലിം നേതാക്കളെ അനുനയിപ്പിക്കു… | Boolokam