ദുബൈ: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിൽ ഒന്നായ ദുബൈ സഫാരി പാർക്കിൽ കൗതുകമായി വെള്ള കാണ്ടാമൃഗത്തിന്‍റെ കുഞ്ഞ്. കഴിഞ്ഞ ദിവസമാണ് ഒലീവ് എന്ന് പേരുള്ള വെള്ള കാണ്ടാമൃഗം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ മനസിന് സമാധാനം നൽകുന്ന നിമിഷം സമ്മാനിച്ച ആൺകുഞ്ഞിന് അറബിയിൽ ‘സമാധാനം’ എന്ന് അർഥം വരുന്ന സലാം എന്നാണ് പേരിട്ടിരിക്കുന്നത്. 73.5 കിലോയാണ് കുഞ്ഞിന്‍റെ തൂക്കം. സ്വന്തമായി നിൽക്കാനും നടക്കാനും കുഞ്ഞിന് ശേഷിയുണ്ടെന്നും പാർക്കിലെ ജന്തുശാസ്ത്ര സംഘത്തിന്‍റെ പരിചരണത്തിലാണെന്നും അധികൃതർ അറിയിച്ചു. പാർക്കിന്‍റെ പ്രജനന പ്രോഗ്രാമിലൂടെ ജനിക്കുന്ന രണ്ടാമത്തെ വെളുത്ത കാണ്ടാമൃഗമാണ് സലാം. കഴിഞ്ഞ വർഷം ജനിച്ച കുഞ്ഞിന് ഒനിക്സ് എന്നാണ് പേരിട്ടിരുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ദുബൈ സഫാരി പാർക്ക് അധികൃതർ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗത്തിൽപ്പെട്ട വെള്ള കാണ്ടാമൃഗം സന്ദർശകർക്ക് അപൂർവ കാഴ്ച സമ്മാനിക്കുന്നതാണ്. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജീവി വർഗങ്ങളുടെ പ്രധാന സംരക്ഷണ കേന്ദ്രമായ ദുബൈ സഫാരി പാർക്കിനെ സംബന്ധിച്ച് വെളുത്ത കാണ്ടാമൃഗത്തിന്‍റെ ജനനം പുതിയ നാഴികക്കല്ലാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 15,700 വെള്ള കാണ്ടാമൃഗങ്ങൾ മാത്രമാണ് ലോകത്തുള്ളതെന്നാണ് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂനിയന്‍റെ കണക്ക്. ദുബൈയുടെ നഗര ഹൃദയത്തിൽ ഏതാണ്ട് 119 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന പാർക്ക് 300 ജീവി വർഗങ്ങളിലായി 3000 മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്.

ദുബൈ സഫാരി പാർക്കിൽ പുതിയ അതിഥി; വെള്ള കാണ്ടാമൃഗത്തിന് കുഞ്ഞ് ജനിച്ചു
M
MadhyamamSource Link
about 1 month ago