ദുരഭിമാനക്കൊലക്ക് പൊലീസിന്റെ ഒത്താശ? കൈക്കൂലി വാങ്ങി പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറി; ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

ദുരഭിമാനക്കൊലക്ക് പൊലീസിന്റെ ഒത്താശ? കൈക്കൂലി വാങ്ങി പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറി; ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

M
MadhyamamSource Link
അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ യുവതി കൊല്ലപ്പെട്ട ദുരഭിമാനക്കൊലക്കേസിൽ പൊലീസ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. മാച്ചർല പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്കെതിരെയാണ് നടപടി. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും പണം വാങ്ങി കൊലപാതകത്തിന് ഒത്താശ ചെയ്തെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് ഞായറാഴ്ച ഇയാളെ സർവിസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ചൗഡേശ്വരമ്മ എന്ന യുവതിയും നാഗരാജ് എന്ന യുവാവും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ഒളിച്ചോടിയതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം, മകളുടെ വിവാഹം നാഗരാജുമായി നടത്തിക്കൊള്ളാമെന്ന് മാതാപിതാക്കൾ പൊലീസിന് ഉറപ്പുനൽകി. ഈ വാക്ക് വിശ്വസിച്ച് യുവതിയെ വീട്ടുകാർക്കൊപ്പം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം വിവാഹത്തിന് വീട്ടുകാർ തയാറാകാതിരുന്നതോടെ താൻ നാഗരാജിനൊപ്പം പോകുമെന്ന് യുവതി നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് ചൗഡേശ്വരമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ തൂങ്ങിമരിച്ചതാണെന്നായിരുന്നു വീട്ടുകാരുടെ വാദം. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ വീട്ടുകാരുടെ കള്ളം പൊളിഞ്ഞു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ടിൽ വ്യക്തമായി. മാർച്ച് 18നാണ് കൊലപാതകം കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പിതാവിൽനിന്ന് ഇൻസ്‌പെക്ടർ വൻതുക കൈക്കൂലി വാങ്ങിയെന്നും യുവതിയെ നിർബന്ധപൂർവം വീട്ടുകാർക്ക് കൈമാറാൻ ഇയാൾ ഒത്താശ ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഇൻസ്‌പെക്ടർക്ക് വീഴ്ച പറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഭാരതീയ നാഗരിക് സുരക്ഷ സൻഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുരഭിമാനക്കൊലക്ക് പൊലീസിന്റെ ഒത്താശ? കൈക്കൂലി വാങ്ങി പെൺകുട… | Boolokam