മുംബൈ: രൺവീർ സിങ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ ധുരന്ധർ: ദി റിവഞ്ച് ’ പെയ്ഡ് പ്രിവ്യൂ ഷോകൾക്കിടെ രാജ്യവ്യാപകമായി ഉണ്ടായ സാങ്കേതിക തടസ്സങ്ങളിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ആദിത്യ ധർ. സാങ്കേതിക തകരാറുകൾ മൂലം പ്രദർശനം വൈകുകയും പലയിടത്തും ഷോകൾ റദ്ദാക്കുകയും ചെയ്തതോടെയാണ് സംവിധായകൻ പരസ്യമായി മാപ്പപേക്ഷിച്ചത്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ തുടങ്ങിയതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനം തടസ്സപ്പെട്ടത്. ഹിന്ദി പതിപ്പിന്റെ പ്രദർശനം വൈകുന്നേരം 5 മണിക്ക് ആരംഭിച്ചെങ്കിലും തമിഴ്, തെലുങ്ക് പതിപ്പുകൾ രാത്രി 9 മണിയിലേയ്ക്ക് മാറ്റേണ്ടി വന്നു. മലയാളം, കന്നഡ പതിപ്പുകളുടെ പ്രദർശനം സാങ്കേതിക കാരണങ്ങളാൽ പിറ്റേദിവസം രാവിലേക്കാണ് മാറ്റിയത്. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിയറ്ററുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടെങ്കിലും പലയിടത്തും ഡിജിറ്റൽ പ്രിന്റുകൾ കൃത്യസമയത്ത് എത്താതിരുന്നത് ആശയക്കുഴപ്പത്തിന് കാരണമായി. ഐമാക്സ് ബുക്കിങുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയും ചെയ്തു. തുടർന്ന് പ്രേക്ഷകർക്കും തിയറ്റർ ഉടമകൾക്കും ഉണ്ടായ ബുദ്ധിമുട്ടിൽ ആദിത്യ ധർ എക്സിലൂടെ മാപ്പപേക്ഷിച്ചു." പ്രിവ്യൂ ഷോകൾക്കിടെ ഉണ്ടായ അസൗകര്യങ്ങളിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഈ സിനിമയോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ചിത്രം നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല," അദ്ദേഹം കുറിച്ചു. പ്രദർശനം തടസ്സപ്പെട്ടവർക്ക് ടിക്കറ്റ് തുക തിരികെ നൽകാനോ അല്ലെങ്കിൽ സബ്ടൈറ്റിലുകളോടെ ഹിന്ദി പതിപ്പ് കാണാനോ ഉള്ള സൗകര്യം അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 3 മണിക്കൂർ 49 മിനിറ്റ് ആണ് ദൈർഘ്യം. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, സാറ അർജുൻ, രാകേഷ് ബേദി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത തെന്നിന്ത്യൻ പ്രേക്ഷകരെയാണ് അവസാന നിമിഷത്തെ മാറ്റങ്ങൾ ഏറെ നിരാശയിലാഴ്ത്തിയത്. തിയറ്ററുകളിൽ കണ്ടന്റ് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധുരന്ധർ' പെയ്ഡ് പ്രിവ്യൂ പ്രതിസന്ധി; മാപ്പപേക്ഷയുമായി സംവിധായകൻ ആദിത്യ ധർ
M
MadhyamamSource Link
about 2 months ago