കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂട് കനക്കവെ ധർമ്മടം മണ്ഡലത്തിലെ വോട്ടർമാർക്ക് മുഖ്യമന്ത്രിയുടെ തുറന്ന കത്ത്. ധർമടം മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും പേരെടുത്ത് അഭിസംബോധന ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. മണ്ഡലത്തിലെ ഓരോ വീട്ടിലും ഇതിനകം തന്നെ സി.പി.എം പ്രവർത്തകർ മുഖ്യന്ത്രിയുടെ കത്ത് എത്തിച്ചിരിക്കയാണ്. ധർമടം മണ്ഡലത്തിലെ 2,05,273 വോട്ടർമാരുടേയും പേരുകളിൽ അച്ചടിച്ച കത്തുകളാണ് വീടുകളിലെത്തിയത്. കത്തിന്റെ അവസാനം ഓരോ വോട്ടറുടേയും പേരും വീട്ടുനമ്പറും വിലാസവും ചേർത്തിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ലഭിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് തുടങ്ങുന്ന കത്തിൽ മണ്ഡലത്തിൽ യാഥാർഥ്യമാക്കിയ വികസന നേട്ടങ്ങളാണ് പറയുന്നത്. ‘കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ പരിഗണനയാണ് നമ്മുടെ മണ്ഡലത്തിൽനിന്ന് എനിക്ക് ലഭിച്ചത്. അർപ്പിച്ച വിശ്വാസം എന്റെ ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ആ സ്നേഹവിശ്വാസങ്ങൾ നന്ദി പറഞ്ഞുതീർക്കാനാവാത്ത കടപ്പാടായി മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഈ മണ്ഡലവും ഇവിടുത്തെ ജനസമൂഹവും’ -എന്നിങ്ങനെയാണ് കത്ത് തുടരുന്നത്. ഇടതുമുന്നണിയുടെ താരപ്രചാരകനായതിനാൽ മറ്റു സ്ഥാനാർഥികളെ അപേക്ഷിച്ച് മണ്ഡലത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ഈ സാചര്യത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വിവിധങ്ങളായ മാർഗങ്ങളാണ് തേടുന്നത്.

ധർമ്മടം മണ്ഡലത്തിലെ വോട്ടർമാർക്ക് മുഖ്യമന്ത്രിയുടെ തുറന്ന കത്ത്
M
MadhyamamSource Link
about 2 months ago